പറവൂരില്‍ ഏഴ് നായക്കുട്ടികളെ ചുട്ടുകൊന്നു, പൊലീസ് അന്വേഷണം തുടങ്ങി

0
35

 

തൃക്കാക്കര നഗരസഭയില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിന് പിന്നാലെ പറവൂരില്‍ ഏഴ് നായക്കുട്ടികളെ
തീ കൊളുത്തിക്കൊന്നു. ഒരു മാസം പ്രായമായ നായക്കുട്ടികളെയാണ് ഒരു സംഘം ചുട്ടുകൊന്നത്. തള്ളനായയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. പറവൂര്‍ മാഞ്ഞാലി ഡയമണ്ട് മുക്കിലാണ് സംഭവം. പ്രസവശേഷം കുഞ്ഞുങ്ങളുമായി തള്ളനായ സമീപത്തെ വീട്ടിലാണ് കിടന്നിരുന്നത്. ഇത് ശല്യമായി മാറുന്നുവെന്ന് വീട്ടിലെ ആളുകള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് നായ്കുട്ടികള്‍ക്ക് തീയിടുകയായിരുന്നു. നായ്ക്കുട്ടികളെയും കൊണ്ട് തീവെച്ച സ്ത്രീകള്‍ നടന്ന് പോകുന്നത് കണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. രണ്ടു സ്ത്രീകൾക്കെതിരെ നാട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
നാട്ടുകാർ നൽകിയ വിവരമനുസരിച്ച് ദയ സംഘടനയുടെ പ്രതിനിധികള്‍ സ്ഥലത്തെത്തി. നായ്ക്കളോട് ക്രൂരത കാട്ടിയവര്‍കെതിരെ ആലങ്ങാട് പൊലീസില്‍ പരാതി നല്‍കി. ഏതാനും ആഴ്ചകൾ മുമ്പ് തൃക്കാക്കര നഗരസഭയില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയ സംഭവം ഏറെ വിവാദമായിരുന്നു.