രണ്ട്‌ പേർക്കുകൂടി നിപാ ലക്ഷണം; ഒരാഴ്‌ച അതീവ നിർണായകം, നേരിടാൻ സജ്ജം: ആരോഗ്യമന്ത്രി

0
48

കോഴിക്കോട്‌ നിപാ ബാധ സ്ഥിരീകരിച്ചതോടെ ഇനിയുള്ള ഏഴ്‌ ദിവസം അതീവ ജാഗ്രതവേണമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. കോഴിക്കോട്‌ നിപാ അവലോകന യോഗത്തിന്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. നിപാ ബാധിച്ച്‌ മരിച്ച 12 വയസുകാരന്റെ സമ്പർക്ക പട്ടികയിൽ 188 പേരുണ്ട്‌. ഇവരിൽ 20 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലാണ്‌. ഇവരുമായി ബന്ധപ്പെട്ട്‌ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായും മന്ത്രി അറിയിച്ചു.

നിലവിൽ രോഗലക്ഷണമുള്ള രണ്ട്‌ പേർ ആരോഗ്യപ്രവർത്തകരാണ്‌. നിപാ ബാധിതനായ കുട്ടിയെത്തിയ സ്വകാര്യ ആശുപത്രിയിലേയും മെഡിക്കൽ കോളേജിലേയും ജീവനക്കാരാണ്‌ ഇവർ. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പേ വാര്‍ഡ് നിപാ വാര്‍ഡാക്കി മാറ്റി പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 20 പേരെയും ഇന്ന്‌ വൈകുന്നേരം ഇവിടെ പ്രവേശിപ്പിക്കും. മാവൂരാണ് നിപാ ബാധിച്ച് മരിച്ച കുട്ടിയുടെ വീട്. അതിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്റ്‌മെന്റ് സോണാക്കി. കോഴിക്കോട് ജില്ലയിലും മലപ്പുറം കണ്ണൂര്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്‌.
പനി ബാധിച്ച കുട്ടിയുമായി മാതാപിതാക്കൾ മൂന്ന് ആശുപത്രികളിൽ പോയിരുന്നു. അവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കാണ് ഏറ്റവും കൂടുതൽ രോഗ സാധ്യതയുള്ളത്. ഇവരോടും ഐസലേഷനിൽ പോകാൻ നിർദേശം നൽകി. സമ്പർക്കപ്പട്ടികയിലുള്ള മുഴുവൻ പേരെയും കണ്ടെത്തും.
കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ സ്രവപരിശോധനയ്‌ക്ക്‌ സൗകര്യം ഒരുക്കും. നിരീക്ഷണത്തിലുള്ളവര്‍ക്കായി നാളെ വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന നടത്തും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്‌ ഇതിനായി സംഘം എത്തും. പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ കണ്‍ഫേര്‍മേറ്റീവ് ടെസ്റ്റ് നടത്തേണ്ടതുണ്ട്‌. പൂനെയിലെ എൻഐവി ലാബിൽ സാമ്പിളുകൾ അയച്ച്‌ കണ്‍ഫേര്‍മേറ്റീവ് ടെസ്റ്റ് നടത്തി 12 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കും.
ഐസിഎംആറിനോട് പുതിയ മോണോക്ലോണല്‍ ആന്റിബോഡി ആവശ്യപ്പെട്ടിരുന്നു. ഏഴ്‌ ദിവസത്തിനുള്ളിൽ മോണോക്ലോണൽ ആന്റിബോഡി ലഭ്യമാക്കുമെന്ന്‌ ഐസിഎംആർ അറിയിച്ചിട്ടുണ്ട്‌. നിപാ ചികിത്സയ്‌ക്ക്‌ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയതായും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് മരുന്നുകളുണ്ടെന്നും മന്ത്രി പറഞ്ഞു. പെതുജനങ്ങൾക്കായി നിപാ കോൾ സെന്റർ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്‌. 04952382500, 04952382800 എന്നിവയാണ്‌ കോൾ സെന്റർ നമ്പറുകൾ. ആരോഗ്യ പ്രവർത്തകർക്ക്‌ രോഗബാധയേൽക്കാൻ കൂടുതൽ സാധ്യത. അതുകൊണ്ട്‌ തന്നെ ആവശ്യമെങ്കിൽ പരിചയ സമ്പന്നരായ ആരോഗ്യപ്രവർത്തകരെ നിയോഗിക്കും. നിപാ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഗസ്റ്റ്‌ ഹൗസ്‌ കേന്ദ്രീകരീച്ച്‌ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.