നിപ: മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും: കുട്ടി ഒരു ഘട്ടത്തിലും കോവിഡ് പോസിറ്റീവായിരുന്നില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

0
68

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കുട്ടിയുമായി സമ്പർക്കം പുലർത്തിയവർക്ക് ഐസൊലേഷനിൽ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇത്. ഒരു ഘട്ടത്തിലും കുട്ടിക്ക് കോവിഡ് പോസിറ്റീവായിരുന്നില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

കൂ‍ടാതെ കുട്ടി യാത്ര ചെയ്ത വാഹനങ്ങളടക്കം ഉൾപ്പെടുത്തിയുള്ള റൂട്ട് മാപ്പ് തയ്യാറാക്കും. കുട്ടി ചികിത്സയ്‌ക്കെത്തിയ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരോട് ഐസൊലേഷനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്ന നടപടികളിലാണ്. പ്രാഥമിക സമ്പർക്കത്തിന്റെ പട്ടിക ആയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട അവലകോനങ്ങൾ നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.

27-ാം തിയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് ആശുപത്രിയിലെത്തിയത്. അതിന് ശേഷമാണ് മെഡിക്കൽ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക് വന്നത്. മെഡിക്കൽ കോളേജിൽ നിന്ന് എന്തുകൊണ്ട് രോഗം കണ്ടെത്താനായില്ല എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു