കുഞ്ഞാലിക്കുട്ടിയെ വെളുപ്പിക്കാന്‍ അച്ചാരം വാങ്ങിയവര്‍ തിരികെ കൊടുത്തേക്കു: കെ ടി ജലീല്‍

0
58

മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മുമ്ബാകെ സ്വയം സന്നദ്ധനായി ചെന്ന് മൊഴി കൊടുത്തതാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. മൊഴിനല്‍കാന്‍ ആവശ്യപ്പെട്ട് ഇ ഡി അയച്ച സമന്‍സിന്റെ കോപ്പിയടക്കം പുറത്തുവിട്ട് ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍, ഞാന്‍ സ്വയം സന്നദ്ധനായി ചെന്ന് ഇ ഡിക്ക് മൊഴി കൊടുത്തതാണെന്ന് സംപ്രേക്ഷണം ചെയ്തതായി കണ്ടു. അത് ഇ ഡി പറഞ്ഞതാകാന്‍ ഒരിക്കലും തരമില്ല. ഇ ഡി എനിക്കയച്ച സമന്‍സ് ഇതോടൊപ്പം ഇമേജായി ചേര്‍ക്കുന്നു.
ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാട് സംബന്ധിച്ചും ചന്ദ്രികയുടെ എക്കൗണ്ടില്‍ നിന്ന് 4.5 കോടി ചെലവിട്ട് ഹൈദരലി തങ്ങളുടെ പേരിലും ലീഗ് നേതാവിന്റെ മകന്‍ ആഷിഖിന്റെ പേരിലും വാങ്ങിയ സ്ഥലത്തിന്റെ രേഖകളും പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിന്റെ പേരില്‍ സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഉള്‍പ്പടെ ഏഴ് കാര്യങ്ങളിലുള്ള രേഖകളും വിവരങ്ങളും കഴിയുന്നിടത്തോളം ഹാജരാക്കാന്‍ മൊഴിയെടുപ്പിനൊടുവില്‍ ഇ ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്റെ സൗകര്യപ്രകാരം 9.9.2021 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് അവ നല്‍കാമെന്നാണ് ഏറ്റിരിക്കുന്നത്. വിവര ശേഖരണത്തിന്റെ തിരക്കിലാണിപ്പോള്‍. എ ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടിന്റെ കാര്യം ഇ ഡിയോട് സൂചിപ്പിച്ചിട്ടേയില്ല. അതുമായി ബന്ധപ്പെട്ട നൂറ് പേജടങ്ങുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി ഇന്നലെയാണ് കയ്യില്‍ കിട്ടിയത്. അത് സസൂക്ഷ്മം പഠിച്ചു വരികയാണ്. വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുന്നുണ്ട്. വിശദാംശങ്ങള്‍ അപ്പോള്‍ പറയാം.
മച്ചാനേ, എ ആര്‍ നഗര്‍ പൂരം വരാനിരിക്കുന്നതേയുള്ളൂ.
ആരെയെങ്കിലും വെളുപ്പിച്ചെടുക്കാമെന്നും പറഞ്ഞ് ഏതെങ്കിലും ചാനലുകളുടെ ഏറണാകുളം ലേഖകന്‍മാര്‍ ആരില്‍ നിന്നെങ്കിലും വല്ലതും അച്ചാരം പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരിച്ച്‌ കൊടുക്കലാകും നല്ലത്. അല്ലെങ്കില്‍ മുട്ടില്‍ മരംമുറി കേസ് പോലെയാകും”