Friday
22 September 2023
23.8 C
Kerala
HomeKeralaയുവജന സഹകരണ സംഘങ്ങളുടെ ഉദ്ഘാടനം ആറിന് (6.09.2021)

യുവജന സഹകരണ സംഘങ്ങളുടെ ഉദ്ഘാടനം ആറിന് (6.09.2021)

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നടപ്പിലാകുന്ന യുവജന സഹകരണ സംഘങ്ങളുടെ ഉദ്ഘാടനം നാളെ. 18 വയസ് മുതല്‍ 44 വയസുവരെയുള്ളവര്‍ അംഗങ്ങളായ 26 യുവജന സഹകരണ സംഘങ്ങളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്തത്. വിവിധ മേഖലകളില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ സേവന മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. സിനിമാ നിര്‍മ്മാണത്തിന് സഹായിക്കുന്ന സഹകരണ സംഘങ്ങള്‍ മുതല്‍ മാലിന്യ സംസ്‌കരണം നടത്തുന്ന സംരംഭങ്ങള്‍ വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചലച്ചിത്ര മേഖലയില്‍ അടക്കമുള്ള യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള സഹകരണ സംഘം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊല്ലം ജില്ലയില്‍ പുനലൂരിലാണ്. പരിസ്ഥിതിക്ക് കോട്ടം വരുന്ന അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് പുനരുപയോഗ സാദ്ധ്യതയുള്ള വസ്തുക്കളാക്കി പുനര്‍നിര്‍മ്മിച്ച് വിതരണം നടത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സഹകരണ സംഘവും പുനലൂരിലുണ്ട്. തിരുവനന്തപുരം നെല്ലിമൂട്ടില്‍ യുവാക്കള്‍ തുടങ്ങിയത് തെങ്ങ് കൃഷി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത വസ്തുക്കളുടെ വില്‍പ്പനയാണ് ഇവരുടെ ലക്ഷ്യം. അവ ശ്യ സാധനങ്ങള്‍ ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍, മൊബൈല്‍ ആപ്പ് എന്നിവ വഴി ആവശ്യപ്പെടുന്നവര്‍ക്ക് എത്തിക്കാന്‍ രണ്ട് സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജീവന്‍ രക്ഷാമരുന്നുകളുടെ വിതരണത്തിന്, ഇതര സംസ്ഥാനങ്ങളില്‍ നിന്നും പലവ്യജ്ഞനങ്ങളും അരിയുമെത്തിച്ച് വിതരണം നടത്തുന്നതിന്, ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്, മലയോരത്ത് ഹോം സ്റ്റേ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്, ജൈവ കൃഷി നടത്തുന്നതിന്, ജൈവ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വിതരണം നടത്തുന്നതിന് തുടങ്ങി വൈവിദ്ധ്യമാര്‍ന്ന മേഖലകളിലാണ് സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യുവ സഹകരണ സംഘങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണിരാജു, സഹകരണ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍ കോലിയാക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്യൂണേഴ്സ് സഹകരണ സംഘത്തിന്റെ ചീഫ് പ്രമോട്ടര്‍ കൂടിയായ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തും മേയര്‍ ആര്യാരാജേന്ദ്രനും ചടങ്ങില്‍ പങ്കെടുക്കും.ഉ മറ്റ് സഹകരണ സംഘങ്ങളിലും ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments