ചെങ്കൽചൂളയിലെ വൈറൽ പാട്ടുക്കൂട്ടത്തിന് ഇനി പ്രൊഡക്ഷൻ യൂണിറ്റും, മിനി ഷൂട്ടിങ്‌ യൂണിറ്റ് സമ്മാനിച്ച് നടൻ ജയകൃഷ്ണൻ

0
68

മൊബൈൽ ഫോണിന്റെയും ജീവിത സാഹചര്യങ്ങളുടെയും പരിമിതികൾക്കുള്ളിൽ നിന്ന് തമിഴ് ചലച്ചിത്രതാരം സൂര്യയെപ്പോലും അത്ഭുതപ്പെടുത്തിയ ചെങ്കൽചൂളയിലെ മിടുക്കന്മാർമാർക്ക് മിനി ഷൂട്ടിങ്‌ യൂണിറ്റ് സമ്മാനിച്ച് നടൻ ജയകൃഷ്‌ണ‌ൻ.
മൊബൈൽ ഫോൺ ഉപയോഗിച്ച് വൈറൽ വീഡിയോ നിർമ്മിച്ചവർക്ക് മികച്ച സാങ്കേതിക വിദ്യയിലൂടെ കൂടുതൽ അറിയപ്പെടാൻ കഴിയട്ടെയെന്ന് ജയകൃഷ്‌ണൻ പറഞ്ഞു. വൈറൽ കൂട്ടത്തിലെ താരങ്ങളായ അബി, കാർത്തിക്, സ്‌മിത്ത്, ജോജി, സിബി, പ്രവിത് എന്നിവർ ചേർന്ന്‌ ജയകൃഷ്‌ണനിൽ നിന്നും യൂണിറ്റ് ഏറ്റുവാങ്ങി.
ഒരു ചെറിയ സിനിമ വരെ നിർമ്മിക്കാനാവശ്യമായ പ്രൊഫഷണൽ ക്യാമറ ജിംബൽ, ട്രൈപോഡ്, ലൈറ്റുകൾ, മോണിറ്റർ സ്‌‌ക്രീൻ തുടങ്ങി അടിസ്ഥാന ഉപകരണങ്ങൾ എല്ലാം ഇതിലുണ്ട്. ഇൻവീസ് മൾട്ടിമീഡിയ പ്രതിനിധികളായ രജ്ഞിത് രാജശേഖരൻ, ശ്രീനി രാമകൃഷ്‌ണൻ, എ ആർ റഹ്മാൻ മ്യൂസിക് സ്‌കൂളിലെ പൂർവ വിദ്യാർഥിയും ചെങ്കൽചൂള നിവാസിയുമായ നിതീഷ് എന്നിവർ സന്നിഹിതരായിരുന്നു.