കലാപം ഒടുങ്ങുന്നില്ല, ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും കാലുപിടിച്ച് വി ഡി സതീശന്‍

0
51

സ്വന്തം ലേഖകൻ

ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിനെത്തുടർന്ന് കോൺഗ്രസിൽ രൂപപ്പെട്ട പൊട്ടിത്തെറി രൂക്ഷമാകുന്നു. കണ്ണൂരിൽ രാഹുൽഗാന്ധി പങ്കെടുത്ത ചടങ്ങ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ബഹിഷ്‌ക്കരിച്ചതോടെയാണ് കോൺഗ്രസിലെ കലാപം മറനീക്കി പുറത്തുവന്നത്. തങ്ങളുടെ പരാതി പരിഹരിക്കാത്തിടത്തോളം കോൺഗ്രസ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയിലും പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും. ഇതോടെ പെട്ടുപോയ കോൺഗ്രസ് നേതൃത്വം ഇരു നേതാക്കളുമായി സമവായ ചർച്ചക്കുള്ള നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. സെപ്റ്റംബര്‍ ആറിന് ചേരുന്ന യുഡിഎഫ് മുന്നണി യോഗത്തില്‍ പങ്കെടുക്കണമെന്ന് ഇരുനേതാക്കളോടും പ്രതിപക്ഷനേതാവ് കേണപേക്ഷിക്കുകയും ചെയ്തു. എന്നാൽ, ഈ ക്ഷണത്തോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഉമ്മൻചാണ്ടിയും ചെന്നിത്തലയും രണ്ടും കൽപ്പിച്ച് പരസ്യമായി രംഗത്തുവന്നതോടെ ആകെ നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണിപ്പോൾ കോൺഗ്രസ്. മാത്രമല്ല, പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനുമെതിരെ പുതിയ ചേരി കൂടി രൂപം കൊണ്ടതോടെ കടുത്ത പ്രതിസന്ധിയിലാണ് നേതാക്കൾ ഇപ്പോൾ. ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും മൗനാനുവാദത്തോടെയാണ് പുതിയ ഗ്രൂപ്പ് രൂപം കൊണ്ടിട്ടുള്ളത്. കെ സുധാകരനും എഐസിസി നേതൃത്വത്തിനുമെതിരെ ചെന്നിത്തല കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം കലാപം കെട്ടടങ്ങില്ല എന്നതിന്റെ സൂചനയാണ്. ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തെതുടർന്നുള്ള അച്ചടക്ക നടപടിയുടെ കാര്യത്തിൽ പാര്‍ട്ടിയില്‍ ഇരട്ടനീതിയുണ്ടോയെന്നത്‌ ജനം വിലയിരുത്തട്ടെയെന്ന്‌ രമേശ്‌ ചെന്നിത്തല തുറന്നടിച്ചിരുന്നു. കെ സുധാകരനെയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും ലക്‌ഷ്യം വെച്ചായിരുന്നു ചെന്നിത്തലയുടെ പരാമർശം. ഇതിനുപിന്നാലെയാണ് രാഹുൽ ഗാന്ധി പങ്കെടുത്ത കണ്ണൂർ ഡിഡിസി ഓഫീസ് ഉദ്‌ഘാടനച്ചടങ്ങ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ബഹിഷ്‌ക്കരിച്ചത്.

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപനത്തില്‍ ഇരുനേതാക്കളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിരുന്നു. കാര്യങ്ങള്‍ വിശദമായി സംസ്ഥാനത്ത് ചര്‍ച്ച ചെയ്തില്ലെന്ന ആരോപണമാണ് ഇരുവരും ഉന്നയിച്ചിരുന്നു. കണ്ണൂർ ഡിസിസി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത സുധാകരനും വി ഡി സതീശനും കെ സി വേണുഗോപാലുമെല്ലാം ഇരുവരെയും തള്ളിപ്പറയുകയും ചെയ്തു. വി ഡി സതീശന്റെ നിലപാടിൽ ഉമ്മൻ‌ചാണ്ടി അതീവ രോഷാകുലനാണ്. സതീശനെ പ്രതിപക്ഷനേതാവാക്കുന്നതിനുവേണ്ടി പരസ്യമായും രഹസ്യമായും പ്രവർത്തിച്ചതും ചരടുവലിച്ചതും ഉമ്മൻ‌ചാണ്ടി ആയിരുന്നു. എന്നിട്ടും തന്നെ പരസ്യമായി തള്ളിപ്പറഞ്ഞ സതീശനോട് ഒത്തുപോകാൻ കഴിയില്ലെന്ന നിലപാടിലാണ് ഉമ്മൻ‌ചാണ്ടി. ഇതോടെയാണ് ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും കാലു പിടിച്ച് പ്രശ്നം പരിഹരിക്കാൻ സതീശൻ തന്നെ നേരിട്ട് രംഗത്തിറങ്ങിയത്.

പുതിയ നേതൃത്വം സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ സമ്പൂർണയോഗമാണ് തിങ്കളാഴ്ച ചേരുക. ഘടകകക്ഷികളായ ആര്‍എസ്പി, മുസ്ലിം ലീഗ് എന്നിവര്‍ക്ക് കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ അതൃപ്തിയുണ്ട്. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ആര്‍എസ്പിയിലെ ഒരു വിഭാഗത്തിന്റെ തീരുമാനം. അതിനിടയിലാണ് കോൺഗ്രസിലെ പൊട്ടിത്തെറി പരസ്യമായത്. മുന്നണി യോഗം ചേരുന്നതിന് മുമ്പ് കോൺഗ്രസിലെ പ്രശ്നങ്ങള്‍ ഒരു പരിധിവരെയെങ്കിലും പരിഹരിക്കണമെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിയതിനെ തുടര്‍ന്നാണ് വിഡി സതീശന്‍ നേരിട്ട് അനുനയനീക്കം നടത്തുന്നത്. സതീശന്റെ ക്ഷണത്തോട് ഉമ്മൻചാണ്ടിയും ചെന്നിത്തലയും എങ്ങനെ പ്രതികരിക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്