താലിബാൻ: ജമാഅത്തെ നിലപാടിൽ ലീഗ്‌ നയം വ്യക്തമാക്കണം‐ സിപിഐ എം

0
108

അഫ്‌ഗാനിസ്ഥാനിലെ താലിബാൻ വിജയത്തിൽ ആവേശംകൊള്ളുന്ന ജമാഅത്തെ ഇസ്ലാമി നിലപാടിനെക്കുറിച്ച്‌ മുസ്ലിംലീഗ്‌ നേതൃത്വം നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. താലിബാൻ ഭീകരർ അഫ്‌ഗാനിസ്ഥാൻ കീഴടക്കിയതിനെ ‘സ്വതന്ത്ര അഫ്‌ഗാൻ’ എന്നാണ്‌ ജമാഅത്തെ മുഖപത്രമായ മാധ്യമം വിശേഷിപ്പിച്ചത്‌. അഫ്‌ഗാൻ വിഷയത്തിൽ ജമാഅത്തെ നിലപാടാണ്‌ ഇത്‌ വെളിപ്പെടുത്തുന്നത്‌. സഖ്യകക്ഷിയായ ജമാഅത്തെ നിലപാട്‌ സ്വീകാര്യമാണോ എന്ന്‌ ലീഗ്‌ നേതൃത്വം വ്യക്തമാക്കണം.

ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്ര സങ്കൽപ്പം പുതിയ കാര്യമല്ല. നേരത്തെയും ഇവർ താലിബാൻ വിജയത്തെ ആഘോഷിച്ചിട്ടുണ്ട്‌. താലിബാൻ ഭീകരർ അഫ്‌ഗാൻ പ്രസിഡന്റ്‌ നജീബുള്ളയെ കൊന്ന്‌ കെട്ടിത്തൂക്കിയപ്പോൾ ‘വിസ്‌മയം പോലെ താലിബാൻ’ എന്നാണ്‌ മാധ്യമം തലക്കെട്ട്‌ നൽകിയത്‌. അതിന്റെ ആവർത്തനമാണ്‌ ഇപ്പോഴുണ്ടായത്‌. ജമാഅത്തെ ഇസ്ലാമി തുടരുന്ന ഈ മതമൗലികവാദ നിലപാട്‌ ലീഗ്‌ അംഗീകരിക്കുന്നുണ്ടോ എന്ന്‌ വ്യക്തമാക്കേണ്ടതുണ്ട്‌.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗിന്റെ സഖ്യകക്ഷിയായാണ്‌ ജമാഅത്തെ പ്രവർത്തിച്ചത്‌. മുൻകാലങ്ങളിൽനിന്നും വ്യത്യസ്‌തമായി പരസ്യ സഖ്യത്തിനാണ്‌ ലീഗ്‌ തയ്യാറായത്‌. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ മതമൗലികവാദ സംഘടനയോട്‌ കൂട്ടുകൂടാൻ ലീഗ്‌ ഒരു മടിയും കാണിച്ചില്ല. തെരഞ്ഞെടുപ്പിൽ നാല്‌ വോട്ടിനുവേണ്ടിയാണ്‌ മുസ്ലിം സമുദായത്തെ ലീഗ്‌ ഒറ്റുകൊടുത്തത്‌. ഇന്ന്‌ ജമാഅത്തെ അവരുടെ താലിബാൻ അനുകൂല മുഖം പരസ്യമാക്കുമ്പോൾ നിലപാട്‌ വ്യക്തമാക്കേണ്ട ബാധ്യത ലീഗ്‌ നേതൃത്വത്തിനുണ്ട്‌.

ജമാഅത്തെ നിലപാട്‌ തന്നെയാണോ ലീഗിനും ഉള്ളതെന്ന്‌ അവർ തുറന്ന്‌ പറയണം. അല്ലാത്തപക്ഷം ജമാഅത്തെ നിലപാടിനെ തള്ളിപ്പറയാൻ തയ്യാറാകണം. മതനിരപേക്ഷ സമൂഹത്തിന്‌ വെല്ലുവിളി ഉയർത്തുന്ന ഇത്തരം ഛിദ്ര ശക്തികളുമായുള്ള കൂട്ടുകെട്ട്‌ അവസാനിപ്പിക്കാൻ ലീഗ്‌ നേതൃത്വം ആർജവം കാണിക്കണമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.