താലിബാന് ജയിലിലുകളില്‍നിന്നു തുറന്നുവിട്ട ഭീകരർ കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് കടന്നേക്കാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കേരള തീരത്തും അതീവ ജാഗ്രത. പാക്കിസ്ഥാന് വഴി കടല്‍മാര്‍ഗം ഭീകരസംഘം ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവിധ കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ്. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ കോസ്റ്റല്‍പോലീസ് പട്രോളിംഗും പരിശോധനയും ശക്തമാക്കി. തീരദേശവുമായി ബന്ധപ്പെട്ടുള്ള ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സുരക്ഷ ശക്തമാക്കാന്‍ മുന്നറിയിപ്പും നല്കി.
തീരപ്രദേശവുമായി ബന്ധപ്പെട്ട് അപരിചിതരെ കണ്ടാല്‍ അറിയിക്കണമെന്നു മത്സ്യതൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കോസ്റ്റല്‍പോലീസ് മുന്നറിയിപ്പ് നല്കി. കൂടാതെ തീരമേഖലയിലെ ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും ജീവനക്കാര്‍ക്കും ഈ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 25 ഇന്ത്യക്കാര്‍ അഫ്ഗാനിലുണ്ടെന്നായിരുന്നു ദേശീയ അന്വേഷണ ഏജന്‍സിക്കു ലഭിച്ച വിവരം. ഇവരെ താലിബാൻ കഴിഞ്ഞ ദിവസം തുറന്നുവിട്ടിരുന്നു. കേരള, കർണാടകം എന്നിവിടങ്ങളിലുള്ള സംഘത്തെയാണ് തുറന്നുവിട്ടത്. ഈ സാഹചര്യത്തിലാണ് തീരമേഖലയിൽ കനത്ത ജാഗ്രത പുലർത്താൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയത്.
സംസ്ഥാനത്ത് 18 കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്കി. കോസ്റ്റല്‍ ഐജി പി വിജയന്റെ നേതൃത്വത്തില്‍ സുരക്ഷ വിലയിരുത്തുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) , ഇന്റലിജന്‍സ് ബ്യൂറോ (ഐബി), എസ്എസ്ബി വിഭാഗങ്ങള്‍ തീരമേഖലയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ശേഖരിച്ചു.