രാഹുല്‍ഗാന്ധിയുടെ ചടങ്ങ് ബഹിഷ്കരിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

0
66

രാഹുല്‍ഗാന്ധി പങ്കെടുത്ത ചടങ്ങ് ബഹിഷ്‌കരിച്ച് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. കണ്ണൂര്‍ ഡിസിസി ഓഫീസ് ഉദ്ഘാടനചടങ്ങാണ് ഇരുവരും ബഹിഷ്ക്കരിച്ചത്. ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇരുവരും എത്തിയില്ല. വ്യാഴാഴ്ച രാവിലെയാണ് കണ്ണൂര്‍ ഡിസിസിയുടെ പുതിയ ആസ്ഥാന മന്ദിരം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തത്. രാഹുല്‍ ഗാന്ധി ഓണ്‍ലൈനായി പങ്കെടുത്ത ചടങ്ങില്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കെ സുധാകരനാണ് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അവസാന വാക്കെന്ന് വി ഡി സതീശന്‍ പ്രഖ്യാപിച്ചപ്പോള്‍ സുധാകരന് പൂര്‍ണ പിന്തുണയും സ്വാതന്ത്ര്യവുമാണ് നല്‍കിയിരിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് നിയമനത്തിനെതിരെ പ്രതികരിച്ച ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ പരോക്ഷ വിമർശനം നടത്തിയാണ് സുധാകരനും വേണുഗോപാലും സതീശനും പ്രസംഗിച്ചത്. അച്ചടക്കമില്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്നും നേതാക്കളും പ്രവര്‍ത്തകരും അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കെ സുധാകരന്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കെ മുരളീധരനും പങ്കെടുത്തില്ല.