ഇനി ഗൂഗിൾപേയിൽ നിക്ഷേപവുമാകാം, ഒരു വര്‍ഷത്തെ പലിശ 6.35 ശതമാനം

0
57

നിക്ഷേപത്തിന്റെ വാതായനവും തുറന്ന് ഗൂഗിള്‍ പേ. അക്കൗണ്ട് ഉടമകള്‍ക്ക് കുറഞ്ഞ കാലയളവിലെ സ്ഥിരനിക്ഷേപത്തിന് വഴിയൊരുക്കി ഗൂഗിള്‍ പേ. ഭേദപ്പെട്ട പലിശയും ലഭിക്കും. മിക്കവരും പണമിടപാടുകള്‍ക്ക് ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരാണ്. ഈ പ്ലാറ്റ് ഫോം വഴി ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് എളുപ്പത്തില്‍ പണം കൈമാറാം. ഏത് ബാങ്ക് അക്കൗണ്ട് ആയാലും പ്രശ്‌നമില്ല. ഇതിന് പിന്നാലെയാണ് ഗൂഗിള്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതികളും ആരംഭിക്കുന്നതായി ഗൂഗിൾ സൂചന നൽകിയത്. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.35 ശതമാനം പലിശ ലഭിക്കും. ആധാര്‍ അധിഷ്ഠിത കെവൈസി വിവരങ്ങള്‍ കൈമാറുന്നവര്‍ക്കാണ് അക്കൗണ്ട് തുറക്കാനാക്കുക. ഇതിന് ഒടിപി ലഭിക്കും. ഏഴു മുതല്‍ 29 ദിവസം വരെയും 30-45 ദിവസ കാലാവധിയിലും നിക്ഷേപിക്കാം. ഒരു വര്‍ഷം വരെയുള്ള നിക്ഷേപവുമാകാം. 3.5 ശതമാനം മുതല്‍ ഒരു വര്‍ഷത്തെ എഫ്ഡിക്ക് 6.35 ശതമാനം വരെയാണ് പലിശ.
ഗൂഗിള്‍ പേ ഉപയോഗിച്ച്‌ ബാങ്ക് അക്കൗണ്ട് തുറക്കാം. ബാങ്കില്‍ അക്കൗണ്ട് ഇല്ലെങ്കിലും ഗൂഗിള്‍ പേ വാലറ്റ് ഉപയോഗിച്ച്‌ അത് സാധ്യമാകും. ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പോലുള്ളവയുമായി സഹകരിച്ചായിരിക്കും ആദ്യ ഘട്ടത്തില്‍ സേവനങ്ങള്‍ നല്‍കുക. ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പായ സേതുവുമായി സഹകരിച്ചാകും ഇതിനുള്ള പ്ലാറ്റ്‌ഫോം ബാങ്ക് വികസിപ്പിക്കുക. ഗൂഗിള്‍ പേ പ്ലാറ്റ് ഫോമിലൂടെ സ്ഥിരനിക്ഷേങ്ങള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനുമാകും. ഗൂഗിളിന്റെ പുതിയ നീക്കവും ജനകീയമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.