കൊല്ലം അഴീക്കൽ ബോട്ട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് സർക്കാർ. സംഭവം സ്ഥലം സന്ദർശിച്ച മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10000 രൂപ അടിയന്തര സഹായവും പരുക്കേറ്റവർക്ക് 5000 രൂപ അടിയന്തര സഹായം നൽകും. മറ്റ് സഹായങ്ങൾ ആലോചിച്ചശേഷം തീരുമാനിക്കും. എല്ലാവരുടെയും ചികിത്സയും സൗജന്യമായിരിക്കും. വള്ളത്തിൻറെ നഷ്ടം പരിഹരിക്കാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനു വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ മന്ത്രി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ആലപ്പുഴ വലിയഴീക്കൽ ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ ഓംകാരം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിൽ ആകെ 16 പേരുണ്ടായിരുന്നുവെന്നാണ് വിവരം. 12 പേരെ വിവിധ വള്ളങ്ങളിലായി കരയ്ക്കെത്തിച്ചിട്ടുണ്ട്. സുനിൽ ദത്ത്, സുമദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്.