അഫ്ഗാനിസ്ഥാനിൽ 14 പേരെ തലയറുത്ത് കൊലപ്പെടുത്തി താലിബാൻ

0
80

യു.എസ് സേന അഫ്ഗാൻ വിട്ടതോടെ അഫ്‌ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ അധീനതയിലായി. അഫ്ഗാനിസ്ഥാനിലെ ദായ്കുണ്ടി പ്രവിശ്യയിലെ ഖദിർ ജില്ലയിൽ ഹസാര സമുദായത്തിൽപ്പെട്ട 14 പേരെ കൊലപ്പെടുത്തി താലിബാൻ. കൊല്ലപ്പെട്ടവരിൽ മുൻ അഫ്ഗാൻ സർക്കാരിന്റെ സേനയിലെ സൈനികരും ഉൾപ്പെടുന്നു. ഇവരെ കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹസാരെ സമൂഹത്തിലെ ജനങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരിൽ നിരവധി പേർക്ക് പരിക്ക് പറ്റിയതായും റിപ്പോർട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ വംശീയ വിഭാഗമാണ് ഹസാരെ സമൂഹം. വളരെക്കാലമായി വിവേചനവും പീഡനവും അനുഭവിക്കുന്ന സമൂഹമാണ് ഹസാരെ. താലിബാൻ ഭരണത്തിന്റെ ഭയപ്പെടുത്തുന്ന പുതിയ മുഖമാണ് ഇപ്പോൾ അഫ്ഗാൻ സമൂഹത്തിനു മുന്നിൽ തെളിഞ്ഞിരിക്കുന്നത്.

അതേസമയം, അമേരിക്ക അഫ്ഗാനിൽ നിന്നും പിന്മാറി മണിക്കൂറുകൾക്കകം ഒരു യുഎസ് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ഭീകരർ പറത്തുന്ന വീഡിയോ പുറത്ത് വന്നു. പറക്കുന്ന ഹെലികോപ്റ്ററിൽ തൂങ്ങിയാടുന്ന ശരീരമാണ് പ്രചരിക്കുന്ന വിഡിയോയിലുള്ളത്. പ്രചരിക്കുന്ന വിഡിയോയിലുള്ളത് മൃതദേഹമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഹെലികോപ്റ്ററിൽ നിന്ന് റോപ്പിലൂടെ താഴേക്ക് ഒരാൾ ഇറങ്ങുന്നതാണോ അതോ മൃതദേഹമാണോ എന്നും സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്.