എന്താണ് അസിഡിറ്റി; പ്രകൃതിദത്തമായ രീതിയിൽ അസിഡിറ്റിയെ ചെറുക്കാം

0
36

അസിഡിറ്റി പ്രശ്നം അനുഭവിക്കാത്തവര്‍ ആരും ഉണ്ടാകില്ല. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളില്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. വയറുവേദന, മറ്റ് ലക്ഷണങ്ങള്‍ എന്നിവ അസിഡിറ്റിയുടേതാണ്. കൃത്യനിഷ്ഠയില്ലാത്ത ഭക്ഷണക്രമം, ഭക്ഷണം ഒഴിവാക്കല്‍, ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഭക്ഷണം കഴിക്കല്‍, അമിതാഹാരം, തുടങ്ങിയ ഭക്ഷണശീലങ്ങള്‍ അസിഡിറ്റിക്ക് കാരണമാകും. ചായ, കാപ്പി, സോഫ്റ്റ്ഡ്രിങ്കുകള്‍, എരിവ്, പുളി, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍, പീസ, വറുത്ത ഭക്ഷണസാധനങ്ങള്‍ തുടങ്ങി കൊഴുപ്പ് അടങ്ങിയിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാന്‍ പുതിന ഇല സഹായിക്കും. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അസിഡിറ്റി നിയന്ത്രിക്കാന്‍ പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്. ദഹന, കുടല്‍ സംബന്ധമായ അസുഖങ്ങള്‍ മാറ്റാന്‍ കഴിയുന്ന ചേരുവകയാണ് ഇഞ്ചി. അസിഡിറ്റി ശമിപ്പിക്കാനും, വയറിന്റെ വീക്കം കുറയ്ക്കാനും, വയറിലെ പേശികളെ ശാന്തമാക്കാനും ഇഞ്ചി സഹായിക്കും. 1 ടീസ്പൂണ്‍ വീതം ഇഞ്ചി നീര്, നാരങ്ങ നീര്, 2 ടീസ്പൂണ്‍ തേന്‍ എന്നിവ ചെറുചൂടുവെളളത്തില്‍ ചേര്‍ത്ത് കുടിക്കുക. ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. കറുവപ്പട്ട അസിഡിറ്റിയെ തടയുന്നതിന് സ്വാഭാവിക ആന്റാസിഡായി പ്രവര്‍ത്തിക്കുന്നു. കറുവാപ്പട്ടയില്‍ നിറയെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുടലിലെ അണുബാധകള്‍ ഭേദമാക്കാന്‍ കറുവാപ്പട്ട ഇട്ട ചായ കുടിക്കുന്നത് നല്ലതാണ്.

പ്രകൃതിദത്തമായ രീതിയിൽ അസിഡിറ്റിയെ ചെറുക്കാം

മസാലകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ ചില വർഗം ആഹാരസാധനങ്ങൾ ഭക്ഷിക്കുമ്പോഴോ അസിഡിറ്റി ഉണ്ടാവുക സാധാരണയാണ്. അസിഡിറ്റി കുറയക്കാൻ പലവിധ അന്റാസിഡുകളും മാർക്കറ്റിൽ സുലഭമാണ്.മരുന്നുകളുടെ പാർശ്വഫലങ്ങളൊന്നുമില്ലാതെ പ്രകൃതിദത്തമായ ചില മാർഗ്ഗങ്ങളിലൂടെ അസിഡിറ്റിയെ ചെറുക്കാനാവും. നമുക്ക് സുലഭമായ ആ മാർഗ്ഗങ്ങൾ നമുക്ക് പരിചയപ്പെടാം.

വാഴപ്പഴം—പൊട്ടാസ്യത്താല്‍ സമൃദ്ധമാണ് വാഴപ്പഴം. ഉയര്‍ന്ന പി.എച്ച് മൂല്യമുള്ള ആല്‍ക്കലി ധാതുക്കള്‍ ധാരാളമായി അടങ്ങിയ വാഴപ്പഴത്തിന്റെ ഉയര്‍ന്ന പി.എച്ച് മൂല്യം അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും. വയറ്റിലെ ഉള്‍പാളിയിലുള്ള ശ്ലേഷ്മം കൂടുതലായി ഉണ്ടാക്കാന്‍ ഇത് സഹായിക്കും. ഈ ശ്ലേഷ്മം ആന്തരികപാളിയെ അസിഡിറ്റിയുടെ ഉപദ്രവത്തില്‍ നിന്ന് സംരക്ഷിക്കുകയും, തകരാറ് വന്നത് ഭേദമാക്കുകയും ചെയ്യും. നല്ലതുപോലെ പഴുത്ത വാഴപ്പഴം മികച്ച ഫലം തരുന്നു.

തുളസി—ദഹനത്തെ സഹായിക്കുന്ന ഘടകങ്ങള്‍ തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഉദരത്തിലെ പെപ്റ്റിക് ആസിഡിന്‍റെ ശക്തി കുറയ്ക്കുന്നതിനാല്‍ അമിതമായ അസിഡിറ്റിയും, വയറ്റില്‍ ഗ്യാസുണ്ടാവുന്നതും തടയാന്‍ തുളസി ഉത്തമമാണ്. ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്കും.അള്‍സറിനും തുളസി ഫലപ്രദമാണ്.
തണുത്ത പാല്‍—കാല്‍സ്യത്താല്‍ സമ്പുഷ്ടമായ പാല്‍ വയറ്റിലെ അമിതമായ ആസിഡിനെ ആഗിരണം ചെയ്യാന്‍ കഴിവുള്ളതാണ്. മധുരവും മറ്റും ചേർക്കാതെ വേണം പാൽ കുടിക്കുവാൻ. തണുത്ത പാല്‍ എരിച്ചിൽ കുറയ്ക്കും. പാലില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടിച്ചേര്‍ത്താല്‍ മികച്ച ഫലം കിട്ടും.

പെരും ജീരകം—വായുടെ ദുര്‍ഗന്ധം അകറ്റാന്‍ സാധാരണമായി ഉപയോഗിക്കപ്പടുന്ന പെരും ജീരകം ദഹനക്കുറവ്, മലബന്ധം എന്നിവയ്ക്ക് ഉത്തമമാണിത്. അള്‍സറിനെതിരെ പൊരുതാന്‍ കഴിയുന്ന ഫ്ലേവനോയ്ഡ്സ്, പ്‍ലാമിറ്റിക് ആസിഡ് തുടങ്ങി നിരവധി ഘടകങ്ങള്‍ പെരും ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ വയറിന് തണുപ്പ് നല്കുകയും, വയറ്റിലെ ആന്തരിക പാളിയുടെ തകരാറ് പരിഹരിക്കുകയും ചെയ്യുന്നു. അല്പം പെരും ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് രാത്രിമുഴുവനും വച്ചശേഷം കുടിക്കാം.

ജീരകം—മികച്ച ദഹനം സാധ്യമാക്കുന്ന ഉദര സ്രവങ്ങളുത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ജീരകം ശാരീരികപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും അനുയോജ്യമാണ്. വയറിലുണ്ടാകുന്ന അസ്വസ്ഥതകള്‍ പരിഹരിക്കാനും, അള്‍സര്‍ ഭേദപ്പെടുത്താനും ആയുര്‍വേദത്തില്‍ ജീരകം ഉപയോഗിക്കുന്നു. ഇത് നേരിട്ട് വായിലിട്ട് ചവയ്ക്കുകയോ, കൂടുതല്‍ ഫലം കിട്ടാന്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുകയോ ചെയ്യാം.

ഗ്രാമ്പൂ—പ്രകൃതിദത്ത ഔഷധമായ ഗ്രാമ്പൂ പെരിസ്റ്റാള്‍സിസ് അഥവാ ഉദരത്തിലൂടെയുള്ള ആഹാരത്തിന്‍റെ ചലനത്തെ സജീവമാക്കുകയും, സ്രവം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുമ്പോള്‍ ഉമിനീര്‍ കൂടുതലായി ഉണ്ടാവുകയും അത് ദഹനത്തെ സഹായിക്കുകയും ചെയ്യും. നിങ്ങള്‍ അസിഡിറ്റി മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ ഒരു ഗ്രാമ്പൂ വായിലിട്ട് കടിച്ച് പിടിക്കുക. ഇതില്‍ നിന്നുള്ള നീര് അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.

ഏലക്ക—-ആയുര്‍വേദവിധി പ്രകാരം വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെ സന്തുലനപ്പെടുത്താന്‍ കഴവുള്ളതാണ് ഏലക്ക. ദഹനത്തിനും, പെട്ടന്നുള്ള വയറ് വേദനയ്ക്കും ഇത് നല്ല പ്രതിവിധിയാണ്. വയറ്റില്‍ അമിതമായി ഉണ്ടാകുന്ന ആസിഡിന്‍റെ ദോഷങ്ങളില്‍ നിന്ന് തടയുന്ന ദ്രവരൂപത്തിലുള്ള പാളിയെ ഏലക്കയിലെ ഘടകങ്ങള്‍ ശക്തിപ്പെടുത്തും. ഇതിന്‍റെ ചെറിയ മധുരവും, തണുപ്പിക്കാനുള്ള കഴിവും എരിച്ചിലിനും ഫലപ്രദമാണ്. രണ്ട് ഏലക്ക തൊണ്ടോടുകൂടിയോ അല്ലാതെയോ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ചാറിയ ശേഷം കുടിക്കാം. പെട്ടന്ന് തന്നെ അസിഡിറ്റിക്ക് ആശ്വാസം ലഭിക്കും.

പുതിന —അസിഡിറ്റിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് പുതിനയില. അസിഡിറ്റി കുറയ്ക്കുന്നതിനൊപ്പം ദഹനം വര്‍ദ്ധിപ്പിക്കാനും പുതിനയില സഹായിക്കും. അതോടൊപ്പം ഇതിന്‍റെ തണുപ്പ് നല്കാനുള്ള കഴിവ് എരിച്ചിലിനും, വേദനക്കും ശമനം നല്കും. ഏതാനും പുതിനയില വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് കുടിക്കുക.മൗത്ത് ഫ്രഷ്നറായും പുതിന ഉപയോഗിക്കുന്നു.

ഇഞ്ചി —നമ്മുടെ അടുക്കളയിൽ നിത്യേന ഉപയോഗിക്കുന്ന ഇഞ്ചിക്ക് ദഹനം വര്‍ദ്ധിപ്പിക്കാനും, പോഷകങ്ങളെ ആഗിരണം ചെയ്യാനുമുള്ള കഴിവുണ്ട്. വയറിലെ ശ്ലേഷ്മത്തെ ശക്തിപ്പെടുത്തി ആസിഡിന്‍റെ ദോഷങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ഇഞ്ചിക്ക് സാധിക്കും. അസിഡിറ്റിക്ക് പരിഹാരമായ ഒരു കഷ്ണം ഇഞ്ചി ചവച്ചിറക്കുകയോ, അസ്വസ്ഥത കൂടുതലായുണ്ടെങ്കില്‍ ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുകയോ ചെയ്യാം. മറ്റൊരു മാര്‍ഗ്ഗം ഇഞ്ചി ചതച്ച് അതില്‍ അല്പം ശര്‍ക്കര ചേര്‍ത്ത് പതുക്കെ നക്കി കഴിക്കുന്നതാണ്. ഇങ്ങനെ ചെയ്താല്‍ നീര് പതിയെ വയറിലെത്തുകയും ആശ്വാസം ലഭിക്കുകയും ചെയ്യും.

നെല്ലിക്ക—കഫ, പിത്ത ദോഷങ്ങളെ ശമിപ്പിക്കുന്നതും, വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതുമാണ് നെല്ലിക്ക. അസിഡിറ്റി മൂലം തകരാറിലായ അന്നനാളത്തെയും, ഉദരത്തിലെ ശ്ലേഷ്മപാളിയെയും സുഖപ്പെടുത്താന്‍ നെല്ലിക്കക്ക് സാധിക്കും. ദിവസം രണ്ട് തവണ നെല്ലിക്കപ്പൊടി കഴിക്കുന്നത് അസിഡിറ്റിയെ അകറ്റി നിര്‍ത്തും.

തേങ്ങാവെള്ളം—തേങ്ങാവെള്ളം അസിഡിറ്റി ശമിപ്പിക്കാന്‍ പറ്റിയ ഒരു ഭക്ഷ്യവസ്തുവാണ്.

തൈര്—പാല്‍ കുടിയ്ക്കുവാന്‍ പ്രശ്‌നമുള്ളവര്‍ക്ക് തൈര് കഴിയക്കാം. ഇത് അസിഡിറ്റിയുണ്ടാക്കാതെ അസിഡിറ്റിയില്‍ നിന്നും ആശ്വാസം നല്‍കും.
കറ്റാര്‍വാഴ—-കറ്റാര്‍വാഴ അസിഡിറ്റി കുറയ്ക്കുന്ന മറ്റൊരു വസ്തുവാണ്.ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഗുണം ചെയ്യും