അവസാന അമേരിക്കൻ സൈനികനും അഫ്‌ഗാൻ വിട്ടു ; ആകാശത്തേക്ക് വെടിയുതിർത്തുകൊണ്ട് താലിബാൻ ആഘോഷം

0
37

അഫ്ഗാനിസ്ഥാനിലെ 20 വർഷത്തെ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് അമേരിക്ക തിങ്കളാഴ്ച രാത്രി കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അവസാന സൈന്യത്തെ ഒഴിപ്പിച്ചു. പ്രതിരോധ വകുപ്പ് പങ്കുവച്ച ഒരു ഫോട്ടോയിൽ ആർമി മേജർ ജനറൽ ക്രിസ് ഡോണാഹുവാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തുപോയ അവസാന യുഎസ് സൈനികൻ.

82 -ആം എയർബോൺ ഡിവിഷന്റെ കമാൻഡർ ജനറൽ ക്രിസ് ഡൊനാഹു വിമാനത്തിൽ കയറുന്ന ഫോട്ടോ ആണ് പ്രതിരോധ വകുപ്പ് പങ്കുവെച്ചത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസും നാറ്റോ സഖ്യകക്ഷികളും നടത്തിയ രണ്ടാഴ്ചത്തെ കുടിയൊഴിപ്പിക്കൽ അദ്ദേഹത്തിന്റെ വിടവാങ്ങലോടെ അവസാനിച്ചു. ഇതോടെ യു എസ്സിന്റെ അഫ്ഘാനിലെ മിഷൻ അവസാനിക്കുന്നു എന്ന കുറിപ്പും ഫോട്ടോയോടപ്പം പങ്കുവെച്ചിട്ടുണ്ട്.

കാബൂളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 31 ആയി യുഎസ് നിശ്ചയിച്ചിരുന്നു. കണക്കുകൾ പ്രകാരം, താലിബാൻ കാബൂൾ ഏറ്റെടുക്കുന്നതിന് ഒരു ദിവസം മുൻപ്, ആഗസ്റ്റ് 14 മുതൽ കാബൂളിൽ നിന്ന് 1,22,000 -ത്തിലധികം ആളുകളെ വിമാനമാർഗ്ഗം ഒഴിപ്പിച്ചു.

അതേസമയം താലിബാൻ തങ്ങളുടെ ‘പൂർണ്ണ സ്വന്തന്ത്ര്യം’ ആകാശത്തേക്ക് വെടിയുതിർത്തുകൊണ്ട് ആഘോഷിച്ചു. 20 വർഷത്തെ യു എസ് മിഷൻ അവസാനിക്കുമ്പോൾ 2001 ൽ ഉള്ളതിനേക്കാളും ശക്തമായ സൈന്യമായി ഇസ്ലാമിക സൈന്യം മാറിക്കഴിഞ്ഞു.