“മിണ്ടിപ്പോകരുത്” ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സുധാകരന്റെ അന്ത്യശാസനം, പുനഃസംഘടന അടഞ്ഞ അധ്യായം

0
84

ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വിട്ട് പുനഃസംഘടനാ തീരുമാനം പുറത്ത് വന്നതിന് പിന്നാലെയുള്ള കോൺഗ്രസ് തമ്മിലടി രൂക്ഷം. പതിവ് കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി പല്ലു കൊഴിഞ്ഞ സിംഹങ്ങളായി മാറുകയാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും. മുതിർന്ന നേതാക്കളായിട്ടും യാതൊരു ദാക്ഷണ്യവുമില്ലാതെ വെട്ടിയൊതുക്കുകയാണ് ഇരുവരെയും. കോൺഗ്രസ്സിൽ കെ.സി.വേണുഗോപാൽ, പി ടി തോമസ് വി ഡി സതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഗ്രൂപ്പ് ശക്തമായി എന്നതിന്റെ നേർസാക്ഷ്യം കൂടിയാണ് ഇപ്പോൾ പുറത്ത് വന്നത്. അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്ന നേതാക്കൾക്ക് അന്ത്യശാസനം നൽകിയിരിക്കുകയാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടനയെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നും പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്നും കെ.സുധാകരൻ പറഞ്ഞു.

പുനഃസംഘടനയുമായുള്ള ചർച്ചകൾക്ക് ഇനി പ്രസ്കതിയില്ലെന്നും പുനഃസംഘടന അടഞ്ഞ അധ്യായമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. പുതിയ കെ പി സി സി അധ്യക്ഷന്റെ വാളിൽ നാവ് അറ്റുപോയ അവസ്ഥയിലാണ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടി ചിലതൊക്കെ പറയുന്നുണ്ടെങ്കിലും യാതൊരു വിലയുമില്ല എന്ന നിലയിലായിട്ടുണ്ട്. ഹൈക്കമാന്റിൽ നിന്നും രാഹുൽ ഗാന്ധി കൂടി ഭാഷ രൂക്ഷമാക്കിയതോടെ കോൺഗ്രസിൽ കറിവേപ്പിലയ്ക്ക് സമാനമായ അവസ്ഥയിലാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും. ഗ്രൂപ്പില്ലാ ഗ്രൂപ്പ് എന്ന പുതിയ ഗ്രൂപ്പ് ശക്തി പ്രാപിച്ചതോടെ പല നേതാക്കളും ഇപ്പോൾ മറുകണ്ടം ചാടുകയാണ്. എ ഗ്രൂപ്പിനെതിരെ തുറന്നു പറച്ചിലുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പടെ രംഗത്ത് വന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുകയാണ്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള താരിഖ് അന്വറിനെതിരെയും ഇപ്പോൾ പ്രതിഷേധം ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.