കേരള സ്പീക്കർ എം ബി രാജേഷിന്റെ ഭാര്യക്കും കുട്ടികൾക്കുമെതിരെ നുണ പ്രചരണം. .എം ബി രാജേഷിൻ്റെ ഭാര്യയായ നിനിത രേഖകൾ പ്രകാരം ഇസ്ലാമാണെന്നും, മക്കൾക്ക് രേഖകളിൽ ഇസ്ലാം മതം ചേർത്തിട്ടുണ്ടെന്നും അത് ന്യൂനപക്ഷത്തിൻ്റെ ആനുകൂല്യങ്ങൾ തേടിയെടുക്കാനാണെന്നുമാണ് അസത്യ പ്രചരണം. എന്നാൽ മക്കളുടെ സർട്ടിഫിക്കറ്റുകളിൽ മതമോ ജാതിയോ ചേർത്തിട്ടില്ല എന്നതാണ് വസ്തുത. യാഥാർഥ്യം ഇതാണെന്നിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും, കുടുംബത്തെ അപകീർത്തിപ്പെടുത്താനുമാണ് ഒരു വിഭാഗം ആളുകൾ ശ്രമിക്കുന്നത് ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിനിത ഫേസ്ബുക് കുറിപ്പിൽ അറിയിച്ചു. പോസ്റ്റിന്റെ പൂർണരൂപം.
എന്നേയും കുട്ടികളെയും സംബന്ധിക്കുന്നചില അസത്യ പ്രചരണങ്ങൾക്കെതിരെ ഞാനിന്നലെ ഒരു പോസ്റ്റിട്ടിരുന്നു .വ്യാപകമായ റിപ്പോർട്ടിങ്ങിനെ തുടർന്നാവണം അതിപ്പോൾ കാണാതായിരിക്കുന്നു .പോസ്റ്റ് കണ്ട സുഹൃത്തുക്കൾ ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിയമനടപടിയിലേക്ക് കടക്കുകയാണ്. മാത്രമല്ല ‘കാണാതാക്കിയ ‘ പോസ്റ്റും രേഖകളും ഒരിക്കൽ കൂടി പങ്കുവയ്ക്കുന്നു .
● പതിവ് പോലെ ലക്ഷ്യം എംബി രാജേഷ് തന്നെയാണ്.അഭിപ്രായത്തിൻ്റെ പേരിൽ മനുഷ്യർ ആക്രമിക്കപ്പെടുന്നതിൽ ഇക്കാലത്ത് അത്ഭുതമുണ്ടാവേണ്ടതില്ല. പക്ഷേ ആടിനെ പട്ടിയാക്കുന്ന വിധത്തിലുള്ള അസത്യം കൊണ്ട് ആക്രമിക്കപ്പെടുമ്പോൾ അത്ഭുതത്തിനപ്പുറം ഭയമാണുണ്ടാവുന്നത് -കാലത്തെ കുറിച്ചും ചുറ്റുമുള്ള മനുഷ്യരെ കുറിച്ചും ഓർക്കുമ്പോൾ. ഫാസിസവും നുണ വ്യവസായവും തമ്മിലെ ബന്ധത്തെക്കുറിച്ച് ചരിത്ര പുസ്തകങ്ങളിൽ വായിച്ചത് അനുഭവമാകുകയാണല്ലോ എന്നോർത്തു പോയി.
പ്രശ്നം മതമാണ്. എൻ്റെ രണ്ടു മക്കളെകുറിച്ച് വസ്തുതാവിരുദ്ധവും അപകടകരമാംവിധം വർഗ്ഗീയച്ചുവയുള്ളതുമായ ഒരു വീഡിയോ പ്രചരിക്കുന്നത് ചില സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി.എം ബി രാജേഷിൻ്റെ ഭാര്യയായ ഞാൻ രേഖകൾ പ്രകാരം ഇസ്ലാമാണെന്നും, മക്കൾക്ക് രേഖകളിൽ ഇസ്ലാം മതം ചേർത്തിട്ടുണ്ടെന്നും അത് ന്യൂനപക്ഷത്തിൻ്റെ ആനുകൂല്യങ്ങൾ തേടിയെടുക്കാനാണെന്നുമാണ് അതിൽ പറയുന്നത് .സത്യം അറിയിക്കാൻ വേണ്ടി മാത്രം രണ്ട് മക്കളുടെയും രേഖകൾപങ്കുവയ്ക്കുന്നു
.മൂത്തയാളുടെ SSLC സർട്ടിഫിക്കറ്റാണ് .പത്താം ക്ലാസിൽ പഠിക്കുമ്പോൾ അവളുമായി ആലോചിച്ച് തന്നെയാണ് ഈ വിവരങ്ങൾ സർട്ടിഫിക്കറ്റിൽ ചേർത്തത്. നിലവിൽ ജാതിയോ മതമോ ഇല്ലെങ്കിലും നാളെ വേണമെന്നു തോന്നിയാൽഏതെങ്കിലും മതത്തിൽ ചേരാനോ ചേരാതിരിക്കാനോ ഉളള സകല സ്വാതന്ത്ര്യവും അവൾക്കുണ്ടുതാനും. ഇളയയാളിൻ്റേത് ലോവർ പ്രൈമറി സ്കൂളിൽ നിന്നുളള TC യാണ്.അവളുടെ വിവരങ്ങൾ രക്ഷിതാക്കൾ എന്ന നിലയിലെ ഞങ്ങളുടെ സ്വന്തം തീരുമാനമാണ്. കുറേക്കൂടി മുതിരുമ്പോൾ അവൾക്കുമുണ്ട് മതം സ്വീകരിക്കാനും ഒഴിവാക്കാനുമുള്ള സ്വാതന്ത്ര്യം. ഒരാൾ രേഖകളിൽ ഏതെങ്കിലുംമതമോ ജാതിയോ ചേർക്കുന്നതും ചേർക്കാതിരിക്കുന്നതും മഹാകാര്യമായി കാണേണ്ടതില്ലെന്നും അതയാളുടെ തികച്ചും വ്യക്തിപരമായ / രാഷ്ട്രീയമായ നിലപാടാണെന്നുമാണ് ഞാൻ കരുതുന്നത്. രേഖകൾ കാണിച്ച് തെളിവ് നൽകി ജീവിക്കേണ്ടി വരുന്ന ഒരു കാലം വരാനിരിക്കുന്നുണ്ടെന്ന് ഞാൻ അത്രമേൽ ഓർത്തിരുന്നില്ലഎന്നുകൂടി പറയട്ടെ.
ഇനി എൻ്റെ സർട്ടിഫിക്കറ്റിലെ മതത്തെ പറ്റി പറയാം .രാജേഷിനോടുള്ള വിരോധം തീർക്കാനായി എന്നെ ആക്രമിക്കൽ ഇതിനു മുമ്പും നടന്നിട്ടുണ്ടല്ലോ .അതെല്ലാം പൊളിഞ്ഞതുമാണ്. എൻ്റെ (രാജേഷിൻ്റെയും )സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവുംരേഖപ്പെടുത്തിയിട്ടുണ്ട്. അത് ഞാൻ എവിടെയും മറച്ചു വെച്ചിട്ടുമില്ല. മാത്രമല്ല സർട്ടിഫിക്കറ്റിലെ മതത്തിനപ്പുറം തികച്ചും മതേതരമായി ജീവിക്കാൻ കഴിഞ്ഞതിൻ്റെ ആഹ്ളാദം കൂടി എനിക്കുണ്ട്. ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും എൻ്റെ രക്ഷിതാക്കൾ പുലർത്തിയ ജാഗ്രതയാണ് എന്നെ അതിനനുവദിച്ചതുംപാകപ്പെടുത്തിയതും.എത്ര വലുതായിരുന്നു ആ ജാഗ്രതയെന്ന് ഇപ്പോഴാണ് കൂടുതൽ തിരിച്ചറിയുന്നത്. ഇനി ഞാൻ സംവരണാനുകൂല്യം അനുഭവിച്ചു എന്നതിനെ കുറിച്ച് – സംവരണത്തിൻ്റെ അടിസ്ഥാനം മതമല്ല സാമൂഹ്യനീതിയാണ് എന്ന പ്രാഥമിക പാഠം അറിയാത്തവരോട് എന്ത് പറയാൻ ! എൻ്റെ മാതാപിതാക്കളുടെ കുടുംബങ്ങളിലെ വിദ്യാഭ്യാസാവസരം സിദ്ധിച്ച ആദ്യ തലമുറയാണ് അവരുടേത്. സ്വന്തം സമൂഹ്യനിലയോട് പല തരത്തിൽ പോരടിച്ചാണ് അവർ ജീവിതം നയിച്ചതും. ആ ബോധ്യത്തിലാണ് ഞാൻ സംവരണാനുകൂല്യം ഉപയോഗപ്പെടുത്തുന്നത് .അവിടെ എൻ്റെ മതവിശ്വാസത്തിന് യാതൊരു പ്രസക്തിയുമില്ല. മക്കളുടെ കാര്യത്തിൽ,പല നിലയിൽ അവരനുഭവിക്കുന്ന സാമൂഹ്യ സുരക്ഷിതത്വങ്ങളാണ് അവരെ സംവരണത്തിനു പുറത്തു നിർത്തുന്നത്. നാളെ ഏതെങ്കിലും മതം സ്വീകരിച്ചാൽ പോലും അവർക്ക് സംവരണാനുകൂല്യം ലഭിക്കില്ലെന്ന് സാരം .
ഈ വസ്തുതകൾ ഇവിടെ കുറിക്കുന്നതിന്ഇതുപ്രചരിപ്പിക്കുന്നവരെ തിരുത്തുക എന്നൊരുദ്ദേശം ചെറുതായിപ്പോലുമില്ല. ഇക്കൂട്ടരുടെ, നുണപറഞ്ഞ് പറഞ്ഞ് സത്യമാക്കിയെടുക്കലിനെതിരെ നിരന്തരം പോരടിക്കുന്ന അസംഖ്യം മനുഷ്യരുണ്ട്.അവർക്കു പറയാൻ വേണ്ടിയാണിത് ,അവർക്ക്തെളിവ് നിരത്താൻ ……..