“കൊടിക്കുന്നിലിന്റെ സർട്ടിഫിക്കറ്റ് വേണ്ട” എം പിക്ക് മന്ത്രി കെ രാധാകൃഷ്‌ണന്റെ തകർപ്പൻ മറുപടി

0
87

 

മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്താവനക്കെതിരെ മന്ത്രി കെ രാധാകൃഷ്‌ണൻ. കാലഘട്ടത്തിന് ചേരാത്ത പ്രസ്‌താവനയാണ് കൊടിക്കുന്നിൽ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. നവോത്ഥാന നായകനാണെങ്കിൽ മുഖ്യമന്ത്രി മകളെ പട്ടികജാതിക്കാരന് കെട്ടിച്ചുകൊടുക്കണമായിരുന്നുവെന്നും, ദേവസ്വം മന്ത്രിയെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി മറ്റൊരാളെ ചുമതലപ്പെടുത്തിയെന്നുമാണ് കൊടിക്കുന്നിൽ പറഞ്ഞത്. മുഖ്യമന്ത്രി മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്‌ത് കൊടുക്കണമെന്ന് പറയുന്നത് പരിഷ്‌കൃത സമൂഹത്തിൽ ചേർന്ന അഭിപ്രായമല്ലെന്ന് മന്ത്രി പ്രതികരിച്ചു. സ്ത്രീകളോടുള്ള അവേഹളനമാണിത്. ഓരോ സ്ത്രീയ്‌ക്കും അവർക്ക് ഇഷ്ടമുളളയാളെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. സ്ത്രീകളെ കെട്ടിച്ചുവിടേണ്ടതാണ് എന്ന പ്രസ്താവന തന്നെ ഈ കാലഘട്ടത്തിൽ ശരിയല്ല. ആ പ്രസ്‌താവന കൊടിക്കുന്നിലിന്റെ സ്ഥാനത്തിനും വലിപ്പത്തിനും അനുയോജ്യമാണോയെന്ന് അദ്ദേഹം തന്നെ പരിശോധിക്കട്ടെ. ഏതൊരു മനുഷ്യനും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ഇന്ത്യയിലുണ്ട്. ആര് ആരെ വിവാഹം കഴിക്കണമെന്നതൊക്കെ തീരുമാനിക്കാനുള്ള അവകാശം അവരവർക്കാണുള്ളതെന്നും മന്ത്രി പറഞ്ഞു.

‘എന്റെ കാര്യം നോക്കാൻ എന്റെ പാർടിക്ക് നല്ലപോലെ അറിയാം. 1996ൽ വളരെ ചെറുപ്പത്തിൽ തന്നെ പാർടി എന്നെ മന്ത്രിയാക്കി. 2006-11 ൽ നിയമസഭാ സ്പീക്കറുമായി. അപ്പോൾ എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാം. അതിന് കൊടിക്കുന്നിലിന്റെ പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ല’- തനിക്കെതിരായ കൊടിക്കുന്നിലിന്റെ ആരോപണത്തിന് മന്ത്രി മറുപടി പറഞ്ഞു.