MSF നേതാക്കളെ വെറുതെ വിട്ട ലീഗ് തീരുമാനം,മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തി നടക്കാനാകുന്നിലെന്ന് വനിതാ പ്രവർത്തകർ,പരാതി പ്രളയം

0
98

ഹരിതയുടെ നേതാക്കളായ വനിതാ പ്രവർത്തകരെ ലൈംഗികമായി അധിക്ഷേപിച്ച എം എസ് എഫ് സംസ്ഥാന നേതാക്കളെ “ഖേദം’ പ്രകടിപ്പിച്ച് വിട്ടയച്ച ലീഗ് നേതൃത്വത്തിനെതിരെ കൂടുതൽ വനിതാ പ്രവർത്തകർ രംഗത്ത്. ലീഗ് ജില്ലാ കമ്മിറ്റികൾക്കും സംസ്ഥാന കമ്മിറ്റിക്കും പരാതി പ്രളയം. ലീഗിന്റെ നീതിയില്ലാത്ത നിലപാട് പുറത്ത് വന്നതോടെ മറ്റു സംഘടനകളുടെ പ്രവർത്തകർക്ക് മുന്നിലും, പൊതു സമൂഹത്തിലും തലയുയർത്തി നടക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കോഴിക്കോട് ഫാറൂഖ് കോളേജ്, കണ്ണൂര്‍ സര്‍ സയ്യിദ് കോളേജ് എംഎസ്എഫ് യൂണിറ്റുകളാണ് 20ന് ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയത്.മറുപടിയില്ലാതെ തല താഴ്ത്തി നടക്കേണ്ട അവസ്ഥയിലാണ് പ്രവര്‍ത്തകരെന്നും കത്തില്‍ പറയുന്നു. ഹരിത വിഷയത്തില്‍ ക്യാമ്പസുകളില്‍ സംഘടനാ സംവിധാനം തകര്‍ന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 80 ശതമാനത്തിലധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഫാറൂഖ് കോളേജില്‍ ഇനിയും ഈ സ്ഥിതി തുടര്‍ന്നാല്‍ സംഘടനാ സംവിധാനം തകര്‍ന്നു പോകുമെന്ന ആശങ്കയുണ്ടെന്നും കത്തില്‍ പറയുന്നു. ലൈംഗിക അധിക്ഷേപത്തിനെതിരെ വനിതാ കമീഷനിൽ നൽകിയ പരാതിയിൽ ഉറച്ച് നിൽക്കുന്നതായി ഹരിത നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നേതാക്കൾക്ക് പിന്തുണയുമായി ലീഗിനും എം എസ് എഫ് നേതാക്കൾക്കുമെതിരെ കൂടുതൽ ഹരിത യൂണിറ്റുകളും, പ്രവർത്തകരും രംഗത്ത് വന്നത്.