“സാർത്ഥകമായ നൂറ് ദിനങ്ങൾ”ചരിത്ര സർക്കാർ നൂറ് ദിവസങ്ങൾ പിന്നിടുമ്പോൾ മുഖ്യമന്ത്രി എഴുതുന്നു

0
163

രണ്ടാം പിണറായി സർക്കാരിന് ജനങ്ങൾ അധികാരമേൽപ്പിച്ച് നൽകിയിട്ട് നൂറ് ദിനങ്ങൾ പിന്നിടുകയാണ്. ചരിത്രം തിരുത്തിക്കുറിച്ച് ആദ്യമായി ഒരു മുന്നണി തുടർഭരണം നേടിയതിന്റെ നൂറ് ദിനങ്ങൾ പിന്നിടുമ്പോൾ ഒന്നാം പിണറായി സർക്കാർ മുന്നോട്ട് വെച്ച നവകേരളം എന്ന ആശയത്തിന്റെ തുടർച്ചയാണ് കേരളം കാണുന്നത്. വികസന തുടർച്ചയോടെയുള്ള സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ച് മുഖ്യമന്ത്രി എഴുതുന്നു.

കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടർഭരണം എന്ന ചരിത്രദൗത്യം സമ്മാനിച്ചതിന്റെ നൂറാം ദിവസമാണ് ഇന്ന്. 2016ൽ ആരംഭിച്ച നവകേരള സൃഷ്ടിയുടെ തുടർച്ചയാണ് അതിലൂടെ ഉണ്ടായിട്ടുള്ളത്. നവകേരളം സുസ്ഥിരവും വികസിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആയിരിക്കുമെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വമാണ് ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനുള്ളത്.

വൈജ്ഞാനിക സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ വാർത്തെടുക്കുകയാണ്. അതിന്റെ അടിസ്ഥാനമൊരുക്കിക്കൊണ്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കിയും വിജ്ഞാന വിസ്‌ഫോടനത്തിന്റെ പ്രയോജനം നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ ലഭ്യമാകുന്ന വിധത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ സാർവത്രികമായി ലഭ്യമാക്കിയും ഒരു സമൂഹമെന്ന നിലയ്ക്ക്‌ മുന്നേറുകയാണ് നാം.

ഈ മുന്നേറ്റത്തിൽ നാമൊറ്റക്കെട്ടായി നിൽക്കുക എന്നത് പരമപ്രധാനമാണ്. അതുകൊണ്ടുതന്നെയാണ് എല്ലാത്തരം വർഗീയ വിദ്വേഷ വിധ്വംസക പ്രവർത്തനങ്ങളെയും അകറ്റിനിർത്താൻ സർക്കാർതന്നെ ഈ ഘട്ടത്തിൽ മുൻകൈ എടുക്കുന്നത്. അതാകട്ടെ കോവിഡ് മഹാമാരിക്കെതിരായുള്ള പോരാട്ടത്തിൽ അനിവാര്യമാണുതാനും. പരമാവധി ആളുകൾക്ക് വാക്‌സിനേഷൻ ലഭ്യമാക്കിക്കൊണ്ട് ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതിനാണ് ഈ ഘട്ടത്തിൽ പ്രാധാന്യം നൽകുന്നത്.

ആത്മാഭിമാനത്തോടെ എല്ലാവർക്കും ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പദ്ധതികൾ പൂർത്തീകരണത്തോട്‌ അടുക്കുകയാണ്. ഈ സർക്കാരിന്റെ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽത്തന്നെ തീരുമാനിച്ച അതിദാരിദ്ര്യ നിർമാർജനം, വാതിൽപ്പടി സേവനം, സ്ത്രീകളുടെ ഗാർഹിക ജോലിഭാരം കുറയ്ക്കൽ എന്നിവ ഉടൻതന്നെ പ്രാവർത്തികമാകും. അതോടൊപ്പം എല്ലാവർക്കും ഭൂമി, ഭവനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനുള്ള ഇടപെടലും മുന്നോട്ടുകൊണ്ടുപോവുകയാണ്. അത്തരത്തിൽ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഒരു നവകേരളമാണ് വിഭാവനം ചെയ്യുന്നത്.

കാർഷിക, വ്യാവസായിക, ഐറ്റി, ടൂറിസം മേഖലകളിൽ കേരളത്തിനുള്ള തനതു സാധ്യതകളെ പ്രയോജനപ്പെടുത്തി ഉൽപ്പാദനം വർധിപ്പിക്കാനും തൽഫലമായി സൃഷ്ടിക്കപ്പെടുന്ന അധികവിഭവങ്ങളുടെ നീതിയുക്തമായ വിതരണം സാധ്യമാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനുതകുന്ന പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ നൂറു ദിവസംകൊണ്ട് തുടക്കം കുറിച്ചിരിക്കുന്നത്. അവയിലെല്ലാം കേരളത്തിലെ ജനങ്ങളുടെയാകെ അഭൂതപൂർവമായ പിന്തുണയാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.
തുടർന്നും ഒരുമിച്ചുനിന്ന് ലോകത്തിനുതന്നെ മാതൃകയാകുന്ന വിധത്തിൽ ബദൽ നയങ്ങൾ നടപ്പാക്കി മുന്നേറാം എന്ന പ്രതിജ്ഞ എടുത്തുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണത്തിന്റെ ഈ നൂറാം ദിവസത്തെ നമുക്ക് അന്വർഥമാക്കാം.