സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിയടക്കം 5 കോൺഗ്രസ് നേതാക്കൾക്കെതിരെ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു. ഉമ്മൻചാണ്ടിക്ക് പുറമെ കെ സി വേണുഗോപാൽ എം പി , ഹൈബി ഈഡൻ എം പി, എ പി അനിൽകുമാർ എംഎൽഎ , അടൂർ പ്രകാശ് എം പി എന്നിവാണ് പ്രതിപട്ടികയിൽ ഉള്ളത്.
ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്‌ദുള്ളക്കുട്ടിക്കെതിരെയും ഈ കേസിൽ എഫ്‌ഐആർ നൽകിയിട്ടുണ്ട്. തിരുവനന്തപുരം , കൊച്ചി സിജെഎം കോടതിയിലാണ് എഫ്‌ഐആർ നൽകിയത്.
ഇരയായ സ്‌ത്രീ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ് സിബിഐക്ക് വിട്ടിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ആറ് കേസുകൾ സിബിഐക്ക് വിട്ട് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ജനുവരിയിൽ വിജ്ഞാപനമിറക്കിയിരുന്നു. തുടർന്ന് സിബിഐ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് സിബിഐ അന്വേഷണം ആരംഭിക്കുകയാണ്.
സോളാർ പദ്ധതിയുടെ ഭാഗമായി ടീം സോളാർ ഉദ്യോഗസ്ഥയായ വനിതാ സംരംഭകയെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും മറ്റിടങ്ങളിലും വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
ക്രൈംബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത കെ സി വേണുഗോപാലിനെതിരായ 42/2018, ഉമ്മൻചാണ്ടിക്കെതിരായ 43/2018, ഹൈബി ഈഡനെതിരായ 140/2019, അടൂർ പ്രകാശിനെതിരായ 141/2019, എ പി അനിൽകുമാറിനെതിരായ 142/2019 എന്നീ കേസുകളാണ് സിബിഐക്ക് വിട്ടത്. യുഡിഎഫ് സർക്കാർ നിയോഗിച്ച സോളാർ ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട് ശുപാർശ പ്രകാരവും ഇരയുടെ പരാതിയിലുമാണ് ഈ കേസുകൾ രജിസ്‌റ്റർ ചെയ്‌തത്. എ പി അനിൽകുമാറിനെതിരെ ഇര മജിസ്‌ട്രേട്ടിന് മുമ്പിൽ രഹസ്യമൊഴിയും നൽകി.
അബ്‌ദുള്ളക്കുട്ടിക്കെതിരെ 2016 ൽ രജിസ്‌റ്റർ ചെയ്‌ത 128/സിആർ/എച്ച്‌എച്ച്‌ഡബ്യൂ- –-1/ടിവിഎം കേസ് ഉമ്മൻചാണ്ടിയുടെ കാലത്ത് ബലാത്സംഗത്തിനിരയായെന്ന ഇരയുടെ പരാതിയിൽ രജിസ്‌റ്റർ ചെയ്‌തതാണ്. ആദ്യം കന്റോൺമെന്റ് അസി. കമീഷണർ അന്വേഷിച്ച ഈ കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അബ്‌ദുള്ളക്കുട്ടിക്കെതിരെയും ഇര മജിസ്‌ട്രേട്ടിന് മുമ്പിൽ രഹസ്യമൊഴി നൽകിയിരുന്നു.