Thursday
18 December 2025
24.8 C
Kerala
HomeIndiaആറ്‌ മാസത്തെ ഇന്‍സ്റ്റഗ്രാം സൗഹൃദം; എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നു

ആറ്‌ മാസത്തെ ഇന്‍സ്റ്റഗ്രാം സൗഹൃദം; എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നു

ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ എൻജിനീയറിങ് വിദ്യാർഥിനിയെ പട്ടാപ്പകൽ കുത്തിക്കൊന്നു. സ്വകാര്യ എൻജിനീയറിങ് കോളേജിലെ മൂന്നാം വർഷ ബി.ടെക്ക് വിദ്യാർഥിനിയായ നല്ലെ രമ്യശ്രീ(20)യാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിയായ പി. ശശികൃഷ്ണ(22)യെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞു നിർത്തിയ പ്രതി കഴുത്തിലും വയറിലും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ആറു തവണ പെൺകുട്ടിക്ക് കുത്തേറ്റതായാണ് റിപ്പോർട്ട്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൊല്ലപ്പെട്ട പെൺകുട്ടിയും യുവാവും ആറു മാസം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. എട്ടാം ക്ലാസിൽ പഠനം നിർത്തിയ ശശികൃഷ്ണ ഓട്ടോമൊബൈൽ ഷോപ്പിലാണ് ജോലിചെയ്തിരുന്നത്. അടുത്തിടെ യുവാവും പെൺകുട്ടിയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായി. രമ്യശ്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നായിരുന്നു യുവാവിന്റെ സംശയം. ഇതേച്ചൊല്ലി പ്രതിയും പെൺകുട്ടിയും തമ്മിൽ നേരത്തെ വഴക്കുണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

അതേസമയം, എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് രമ്യശ്രീ ഇതുവരെ പരാതിപ്പെട്ടിരുന്നില്ലെന്നാണ് കുടുംബാംഗങ്ങളുടെ പ്രതികരണം. കേസിലെ പ്രതിയായ ശശികൃഷ്ണയെ സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ പോലീസ് പിടികൂടി. പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കൈഞരമ്പ് മുറിച്ച് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് പോലീസെത്തിയാണ് ഇയാളെ നരസാരോപേട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

RELATED ARTICLES

Most Popular

Recent Comments