ഇന്നു മുതൽ 3 ദിവസം വാക്സീൻ യജ്ഞം

0
57

സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്‌സീനേഷന് ഇന്ന് തുടക്കം.60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്സിന്‍ നല്‍കാനാണ് വാക്സിനേഷന്‍ യജ്ഞത്തിലൂടെ ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

ഗ്രാമീണ മേഖലകളിലും പിന്നോക്ക ജില്ലകളിലും എല്ലാവരിലും വാക്‌സിനേഷനെത്തിക്കാന്‍ താഴേത്തട്ടില്‍ കര്‍ശന നിര്‍ദേശമുണ്ട്. 16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ്. തിരുവനന്തപുരം ജില്ലയില്‍ ഇനി 60 വയസിന് മുകളില്‍ ഉള്ളവരില്‍ ആദ്യഡോസ് കിട്ടാത്തവര്‍ 2000 ല്‍ താഴെയാണെന്നാണ് വിവരം

കണ്ടെയ്ൻമെന്റ് സോണുകളിലെ എല്ലാവരെയും പരിശോധിച്ച ശേഷം കോവിഡ് നെഗറ്റീവ് ആയ മുഴുവൻ പേ‍ർക്കും വാക്‌സീൻ നൽകും. ഇതിന്റെ ചുമതല കലക്ടർമാർക്കാണ്. സ്പോട്ട് റജിസ്ട്രേഷനോ മറ്റു സംവിധാനമോ ഉപയോഗിച്ച് ഇതു നടപ്പാക്കണം. ദിവസം 5 ലക്ഷം വാക്സീൻ വിതരണം ചെയ്യും. 4 ചെറിയ ജില്ലകളിൽ ദിവസം 25,000 വീതവും മറ്റു 10 ജില്ലകളിൽ ദിവസം 40,000 വീതവും വാക്സീൻ നൽകും. കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ 2 ദിവസങ്ങളിലായി 13 ലക്ഷം ഡോസ് വാക്സീൻ ലഭിച്ചു. ഓൺലൈൻ ക്ലാസ്, പരീക്ഷ, പ്ലസ് വൺ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി.