ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് നേട്ടം, എൽഡിഎഫിന് ഏഴും യുഡിഎഫിന് ആറും സീറ്റുകൾ

0
82

സംസ്ഥാനത്തു വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് നേട്ടം. എൽഡിഎഫിന് ഏഴും യുഡിഎഫിന് ആറും സീറ്റുകൾ ലഭിച്ചു. ബത്തേരി നഗരസഭ പഴേരി, പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്ത് വാർഡുകൾ എൽ‍ഡിഎഫ് പിടിച്ചെടുത്തു. നെടുമങ്ങാട് നഗരസഭയിലെ പതിനാറാം കല്ല്, കണ്ണൂർ ആറളം വീർപ്പാട്, മലപ്പുറം തലക്കാട്, എറണാകുളം വേങ്ങൂര്‍ എന്നിവ നിലനിർത്തി. ആലപ്പുഴ മുട്ടാറിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ് ജയിച്ചു.

വീർപ്പാട് ജയിച്ചതോടെ ആറളം പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തും. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ്, പാലാ എലിക്കുളം ഇളങ്ങുളം, വാരപ്പെട്ടി കോഴിപ്പിള്ളി, പിറവം നഗരസഭ കരക്കോട് എന്നിവ യുഡിഎഫ് പിടിച്ചെടുത്തു. മലപ്പുറം വണ്ടൂർ, മലപ്പുറം ചെറുകാവ് എന്നിവ യുഡിഎഫ് നിലനിർത്തി.

പത്തനംതിട്ട– കലഞ്ഞൂർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് സിപിഎം പിടിച്ചെടുത്തു. 20ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ അലക്സാണ്ടർ ഡാനിയലിനു വിജയം. കോൺഗ്രസിന്റെ ജോൺ ഫിലിപ്പിനെതിരെ 323 വോട്ടിന്റെ ഭൂരിപക്ഷമാണു ലഭിച്ചത്. കോൺഗ്രസ് അംഗം മാത്യു മുളപാടത്തിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

വയനാട്– ബത്തേരി നഗരസഭ പഴേരി ഡിവിഷൻ എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ എസ്. രാധാകൃഷ്ണനാണു വിജയി. യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസിലെ എം.കെ. മനോജിനെ 112 വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്. യുഡിഎഫ് കോട്ടയായിരുന്നു പഴേരി. യുഡിഎഫ് കൗൺസിലറായിരുന്ന എം.എസ്. വിശ്വനാഥൻ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ആലപ്പുഴ– മുട്ടാർ ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ് ജയിച്ചു. എൽഡിഎഫും യുഡിഎഫും 168 വോട്ട് വീതം നേടി. ബിജെ പിക്ക് ആറ് വോട്ടു ലഭിച്ചു.

മലപ്പുറം– യുഡിഎഫിനു മുന്നേറ്റം. തിരഞ്ഞെടുപ്പു നടന്ന 4 വാർഡുകളിൽ മൂന്നെണ്ണം യുഡിഎഫ് നേടി. നിലമ്പൂർ ബ്ലോക്കിലെ വഴിക്കടവ് ഡിവിഷൻ എൽഡിഎഫിൽ നിന്നു യുഡിഎഫ് പിടിച്ചെടുത്തു. തലക്കാട് പഞ്ചായത്തിൽ എൽഡിഎഫും ചെറുകാവ്, വണ്ടൂർ പഞ്ചായത്തുകളിൽ യുഡിഎഫും സീറ്റ് നിലനിർത്തി. ഫലം എവിടെയും ഭരണത്തെ സ്വാധീനിക്കില്ല