കായിക കേരളത്തിന് മുതൽക്കൂട്ടായി എല്ലാ പഞ്ചായത്തിലും കളിസ്ഥലം എന്ന ആശയം എൽ ഡി എഫ് പ്രകടനപത്രികയിൽ മുന്നോട്ട് വെച്ചിരുന്നു. ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയതോടെ ഈ വാഗ്ദാനം നടപ്പിലാക്കാനുള്ള പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും സ്പോർട്സ് കൗൺസിൽ രൂപീകരിക്കാൻ സർക്കാർ നിർദേശം. തദ്ദേശ സ്ഥാപനങ്ങളിൽ സർവ്വേ നടത്തി പ്രദേശത്തിനനുയോജ്യമായ രീതിയിൽ കളിക്കളങ്ങൾ നിർമ്മിക്കുന്നതിന് മുന്നോടിയായിട്ടാണ് പ്രാദേശിക തലത്തിൽ സ്പോർട്സ് കൗൺസിൽ രൂപീകരിക്കുന്നത്. ഒക്ടോബർ ആദ്യം ഇത്തരം പ്രാദേശിക സ്പോർട്സ് കൗണ്സിലുകളുടെ രൂപീകരണം പൂർത്തിയാക്കണമെന്നാണ് കായിക വകുപ്പ് നിർദേശിക്കുന്നത്. പഞ്ചായത്ത്, മുൻസിപ്പൽ, കോർപ്പറേഷൻ തലത്തിൽ സ്പോർട്സ് കൗൺസിൽ രൂപീകരിക്കണമെന്ന് 2000ലെ സ്പോർട്സ് നിയമത്തിലും വ്യക്തമാക്കിയിട്ടുള്ളതാണ്. തദ്ദേശസ്ഥാപന തലത്തിൽ സ്പോർട്സ് കൗൺസിൽ രൂപീകരിക്കുന്നതിലൂടെ മാത്രമേ കായിക വികസന പദ്ധതികളും പരിപാടികളും താഴെത്തട്ടിൽ ഫലപ്രദമായി പ്രാബല്യത്തിലെത്തിക്കാൻ കഴിയുകയുള്ളു എന്നും വകുപ്പ് വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.