വ്യവസായ എസ്റ്റേറ്റുകളിലെ യൂണിറ്റുകൾക്ക് 500 കോടി കെ എഫ് സി വായ്പ ; കെ എൻ ബാലഗോപാൽ

0
49

കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് 2021 ജൂലൈ 30ന് സഭയിൽ 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി ഒരു പ്രത്യേക പദ്ധതിയും നടപ്പിലാക്കിയിരുന്നു. ഇപ്പോൾ കെ എഫ് സി മുഖേന വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങൾക്കായുള്ള പുതിയ വായ്പാ പദ്ധതിക്ക് രൂപമായെന്ന് മന്ത്രി കെ എൻ ബാലഗോപാൽ.

ഉത്പ്പാദന – സേവന മേഖലകളിലെ സംരംഭകർക്ക് പുതിയ യൂണിറ്റുകൾ തുടങ്ങുവാനും, നിലവിലുള്ള യൂണിറ്റുകൾ വിപുലീകരിക്കാനും സഹായം ലഭിക്കും. ദീർഘകാല വായ്പകൾ, ഹ്രസ്വകാല വായ്പകൾ, പ്രവർത്തന മൂലധന വായ്പകൾ എന്നിവക്ക് പുറമെ ബാങ്ക് ഗ്യാരന്റിയും പദ്ധതിയിൽ നൽകുന്നതാണ്. ഇതിലേക്കായി 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കേരളത്തിലെ മികച്ച വ്യവസായിക സ്ഥാപനങ്ങൾ കൂടുതലും വ്യവസായ എസ്റ്റേറ്റുകൾ അടിസ്ഥാനമായി പ്രവർത്തിക്കുന്നതിനാലാണ് ഇത്തരമൊരു പദ്ധതിയുമായി കെ എഫ് സി മുന്നോട്ട് വന്നിട്ടുള്ളത്.
കമ്പനികൾക്ക് 20 കോടിയും, പ്രോപ്രെയ്‌റ്റർഷിപ്, പാർട്ണർഷിപ് എന്നിവക്ക് 8 കൊടിയുമാണ് പരമാവധി വായ്പ ലഭിക്കുക. 50 കോടി രൂപ വരെ ബാങ്ക് ഗ്യാരന്റി ലഭിക്കും. പദ്ധതിയിലെ ദീർഘകാല വായ്പകൾക്ക് പ്രൊജക്റ്റ് തുകയുടെ 66% ലോൺ ലഭിക്കും. ബാക്കി 34% പ്രൊമോട്ടർമാർ കൊണ്ട് വരേണ്ടതാണ്. എന്നാൽ പ്രൊജക്റ്റ് തുകയിൽ ലാൻഡ് കോസ്ററ് ഉൾപെടുത്തിയിട്ടില്ലെങ്കിൽ 75% വരെ ലോൺ ലഭിക്കും. നിലവിലുള്ള യൂണിറ്റുകളുടെ നവീകരണത്തിനായി പ്രൊജക്റ്റ് കോസ്റ്റിന്റെ 90 ശതമാനം വരെ ആയിരിക്കും വായ്പക്കുള്ള അർഹത.

പ്രാഥമിക ജാമ്യവസ്തു പര്യാപ്തമാണെങ്കിൽ ഹയർ പർച്ചേസ് ഒഴികെയുള്ള ലോണുകൾക്ക് അധിക ഈട് നൽകേണ്ടതില്ല. മാത്രമല്ല 50 ലക്ഷം വരെയുള്ള വായ്പകൾക്ക് CGTMSE സൗകര്യവും നൽകുന്നതാണ്.

കേരളത്തിലെ എല്ലാ വ്യാവസായിക എസ്റ്റേറ്റുകളുടെയും പ്രവർത്തനം വിശദമായി വിശകലനം ചെയ്തതിനു ശേഷമാണു ഈ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. പദ്ധതിയുടെ പൂർണരൂപം കെ എഫ് സി യുടെ വെബ്സൈറ്റ് ആയ www.kfc.org ൽ ലഭ്യമാക്കിയിട്ടുണ്ട്. സംരംഭകർക്ക് ഈ വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.