ഇനിമുതല്‍ എടിഎമ്മുകളില്‍ കാശില്ലെങ്കില്‍ ബാങ്കുകള്‍ അതിനനുസരിച്ച് പിഴയടക്കേണ്ടി വരും. 2021 ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ ഉത്തരവ് നിലവില്‍ വരിക.
എടിഎമ്മുകളില്‍ പണം ഇല്ലാത്ത അവസ്ഥയെക്കുറിച്ച് റിസര്‍വ് ബാങ്ക് നടത്തിയ പരിശോധനയില്‍, ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് കേന്ദ്ര ബാങ്ക് കടന്നത്.
ബാങ്കുകളും വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റേഴ്സും തങ്ങളുടെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും എടിഎമ്മുകളില്‍ പണം ആവശ്യത്തിന് ഉണ്ടോയെന്ന് നിരന്തരം പരിശോധിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഉത്തരവ് പാലിക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള അലംഭാവം ബാങ്കുകളും മറ്റു സ്ഥാപനങ്ങളും കാണിച്ചാല്‍ അക്കാര്യത്തില്‍ ഗൗരവതരമായ നടപടി കൈക്കൊള്ളുമെന്നും അറിയിച്ചിട്ടുണ്ട്.
ഒരു മാസത്തില്‍ 10 മണിക്കൂറിലധികം സമയം എടിഎമ്മുകളില്‍ പണം ഇല്ലാതിരുന്നാല്‍, ആ സാഹചര്യത്തില്‍ ബാങ്കുകള്‍ക്കു മേല്‍ പതിനായിരം രൂപ പിഴ ചുമത്തുമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്