യൂട്യൂബ് വീഡിയോ ചിത്രീകരിക്കാൻ തെങ്ങിൽ കയറി കുടുങ്ങി: അവസാനം താഴെയിറക്കാൻ ഫയർഫോഴ്‌സ്

0
55

കണ്ണൂർ പാനൂരിൽ കള്ളുചെത്തുന്നത് ചിത്രീകരിക്കാൻ തെങ്ങിൽ കയറിയ ക്യാമറാമാൻ കുടുങ്ങി. പാനൂർ സ്വദേശി പ്രേംജിത്ത് ആണ് താഴെയിറങ്ങാനാകാതെ തെങ്ങിൽ കുടുങ്ങിയത്. വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തിയാണ് പ്രേംജിത്തിനെ താഴെയിറക്കി.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ടെലിഫിലിം സംവിധായകനും ക്യാമറാമാനുമാണ് പ്രേംജിത്ത്. യൂട്യൂബ് വീഡിയോയ്‌ക്ക് വേണ്ടി കള്ള് ചെത്ത് ചിത്രീകരിക്കാൻ തെങ്ങിൽ കയറിയതായിരുന്നു പ്രേംജിത്ത്. എന്നാൽ ഇതിനിടെ രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് അവശനാകുകയായിരുന്നു. ഉടനെ ഒപ്പമുണ്ടായിരുന്ന കള്ള് ചെത്ത് തൊഴിലാളി ഗംഗാധരൻ പ്രേംജിത്തിനെ തെങ്ങിൽ താങ്ങി നിർത്തി. തുടർന്ന് വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.

ഫയർഫോഴ്‌സ് വലയിൽ കുരുക്കി പ്രേംജിത്തിനെ സുരക്ഷിതനായി താഴെയിറക്കി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.