ചെറുപ്പുളശ്ശേരി ബാങ്ക് തട്ടിപ്പ്, മുങ്ങിയ ആർ എസ് എസ് നേതാവിനെ ബിജെപി പ്രവർത്തകർ പിന്തുടർന്ന് പിടികൂടി

0
50

ചെറുപ്പുളശ്ശേരി ഹിന്ദു നിധി ബാങ്ക് തട്ടിപ്പിൽ ചെയർമാൻ സുരേഷ് കൃഷ്ണയെ ബോർഡിലെ മറ്റു അംഗങ്ങൾ പിന്തുടർന്ന് പിടികൂടി. ബിജെപി ആർ എസ് എസ് നേതാക്കളുടെ നേതൃത്വത്തിലുള്ള നിധിയുടെ ബോർഡ് അംഗങ്ങൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തടി തപ്പാൻ നോക്കിയ ചെയർമാനെ മറ്റു അംഗങ്ങൾ പിന്തുടർന്ന് പിടികൂടിയത്.

സംഭവത്തിൽ സുരേഷ് കൃഷ്ണ ഒളിവിലായിരുന്നു എന്നും, വാണിയംകുളം ഭാഗം വഴി പോകുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. പണം മുഴുവൻ തട്ടിയതും, നിധിയുടെ പേരിൽ ലഭിച്ച തുക വകമാറ്റി ചിലവഴിച്ചതും സുരേഷ് കൃഷ്ണയാണെന്നും, പലപ്പോഴും വിട്ടു പോകാൻ നിന്ന പല അംഗങ്ങളെയും അതിന് അനുവദിച്ചില്ല എന്നും നേരത്തെ ഇവർ വ്യക്തമാക്കിയിരുന്നു.

നിലവിൽ ബാധ്യതകൾ മുഴുവൻ മറ്റു അംഗങ്ങളുടെ മേൽ ചാർത്തി രക്ഷപ്പെടാനാണ് സുരേഷ് കൃഷ്ണ ശ്രമിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. നിധി തട്ടിപ്പിലെ ബിജെപി ആർ എസ് എസ് ബന്ധം പുറത്ത് വന്നതോടെയാണ് സുരേഷ് കൃഷ്ണയ്‌ക്കെതിരെ ഒരു വിഭാഗം ബിജെപി ആർ എസ് എസ് നേതാക്കളായ ബോർഡ് അംഗങ്ങൾ രംഗത്ത് വന്നത്.സംഭവത്തിൽ നിക്ഷേപകരുടെ പരാതി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ തുടർനടപടികൾ പുരോഗമിക്കവെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.