വയനാട്ടിലെ ഏഴ് പ്രദേശങ്ങളിൽ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയായി

0
76

 

വയനാട് ജില്ലയിലെ ഏഴ് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ ലക്ഷ്യം വച്ച മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. വൈത്തിരി, തരിയോട്, പൊഴുതന, പുൽപ്പള്ളി, എടവക, നൂൽപ്പുഴ തുടങ്ങിയ പഞ്ചായത്തുകളും കൽപ്പറ്റ മുൻസിപ്പാലിറ്റിയുമാണ് 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയത്. വയനാട്, കാസർകോട് ജില്ലകൾ 45 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയിരുന്നു.

ആദിവാസികൾ ഏറെയുള്ള ഈ മേഖലയിലെ മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകാൻ പരിശ്രമിച്ച ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മറ്റ് സന്നദ്ധ പ്രവർത്തകർ തുടങ്ങിയ എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ, അർ.സി.എച്ച്. ഓഫീസർ, പ്ലാനിംഗ് ഓഫീസർ എന്നിവരാണ് ജില്ലയിലെ വാക്സിനേഷന് നേതൃത്വം നൽകിയത്.

ഏറ്റവുമധികം ആദിവാസികളുള്ള പുൽപ്പള്ളി, നൂൽപ്പുഴ, വൈത്തിരി പഞ്ചായത്തുകളിൽ മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ എടുക്കാനായത് ആരോഗ്യ മേഖലയെ സംബന്ധിച്ച് വലിയ നേട്ടമാണ്. മാർച്ച് മിഷൻ, മോപ്പപ്പ് മേയ്, ഗോത്രരക്ഷ ജൂൺ തുടങ്ങിയ മിഷനുകൾ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്സിനേഷൻ ആദ്യഘട്ട യജ്ജം സാക്ഷാത്ക്കരിച്ചത്. പ്ലാന്റേഷൻ മേഖലയിൽ തൊഴിൽ വകുപ്പുമായി സഹകരിച്ചാണ് ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയത്.

ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്സിനേഷൻ ആരംഭിച്ചത്. അന്നുമുതൽ വലിയ പ്രവർത്തനമാണ് വയനാട് ജില്ല നടത്തുന്നത്. ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്സിനേഷൻ പ്ലാൻ അനുസരിച്ചാണ് വാക്സിനേഷൻ പുരോഗമിക്കുന്നത്. എല്ലാവർക്കും വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് പ്രക്രിയ പോലെയാണ് ഇവിടെ വാക്സിനേഷൻ നടത്തിയത്. വാക്സിൻ എടുക്കാത്തവരുടെ വീടുകളിൽ പോയി സ്ലിപ്പ് നൽകി അവരെ സ്‌കൂളുകളിൽ എത്തിച്ച് വാക്സിൻ നൽകുകയായിരുന്നു.

ദുഷ്‌കരമായ പ്രദേശങ്ങളിൽ പോലും വാക്സിനേഷൻ ഉറപ്പാക്കാൻ 13 മൊബൈൽ ടീമുകളെയാണ് സജ്ജമാക്കിയത്. ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് മൊബൈൽ ടീമുകൾ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്സിൻ നൽകിയത്. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ട്രൈബൽ വകുപ്പ്, കുടുംബശ്രീ, ആശാ വർക്കർമാർ എന്നിവർ ദൗത്യത്തിന്റെ ഭാഗമായി. വാക്സിനേഷനായി വിമുഖത കാട്ടിയവർക്ക് അവബോധം നൽകിയാണ് ആദ്യഘട്ട യജ്ജം പൂർത്തിയാക്കിയത്. രണ്ടാം ഡോസ് എടുക്കേണ്ട സമയം ആകുമ്പോൾ മുഴുവൻ പേർക്കും വാക്സിൻ നൽകാനുള്ള പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.