Wednesday
17 December 2025
30.8 C
Kerala
HomeKeralaസപ്‌ളൈകോ സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ കാർഡ് ഉടമ തന്നെ പോകേണ്ടതില്ല

സപ്‌ളൈകോ സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ കാർഡ് ഉടമ തന്നെ പോകേണ്ടതില്ല

 

സപ്‌ളൈകോ നൽകുന്ന സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡ് ഉടമ തന്നെ പോകേണ്ടതില്ലെന്നും കുടുംബാംഗങ്ങളിലൊരാൾ കാർഡുമായി ചെന്നാൽ മതിയാകുമെന്നും ഭക്ഷ്യമന്ത്രി അഡ്വ. ജി. ആർ. അനിൽ പറഞ്ഞു. പ്രതിവാര ഫോൺ ഇൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തൊടുപുഴയിൽ സപ്‌ളൈകോ ഔട്ട്‌ലെറ്റിൽ കാർഡ് ഉടമ തന്നെ ചെല്ലണമെന്ന് പറഞ്ഞതായുള്ള പരാതിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാസർകോട് തൃക്കരിപ്പൂർ മണ്ഡലത്തിലുൾപ്പെട്ട തീരപ്രദേശത്ത്, സഞ്ചരിക്കുന്ന മാവേലി സ്‌റ്റോർ വേണമെന്നതായിരുന്നു മറ്റൊരു ആവശ്യം. ഈ വിഷയത്തിൽ എം. എൽ. എയുമായി സംസാരിച്ച് അനുകൂല നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.

വയനാട് സ്വദേശിയായ മൂന്നു വയസുകാരിയുടെ ചികിത്‌സയ്ക്കായി റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നത് അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്‌സാ ഇളവ് ലഭിക്കാൻ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നതായിരുന്നു ആവശ്യം. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

മത്‌സ്യത്തൊഴിലാളികൾക്കുള്ള കഴിഞ്ഞ മാസത്തെ കിറ്റ് ലഭിച്ചില്ലെന്ന പരാതിയുമുണ്ടായി. മത്‌സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരം എല്ലാവർക്കും കിറ്റ് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നതായിരുന്നു ഫോൺ ചെയ്ത കൂടുതൽ പേരുടെയും ആവശ്യം.

കഴിഞ്ഞ തവണ ലഭിച്ച പരാതികളിൽ അർഹരായവർക്കെല്ലാം റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നൽകി. കിറ്റ് ലഭിച്ചില്ലെന്ന പരാതികളിൽ പൂർണമായി പരിഹാരം കണ്ടതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ പരാതി അറിയിച്ചവരെ നടപടി സ്വീകരിച്ച വിവരം ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

Most Popular

Recent Comments