Wednesday
17 December 2025
30.8 C
Kerala
HomeKeralaഅവയവദാന സമ്മതപത്രം സമർപ്പിച്ച്  ട്രാൻസ്ജെൻഡർ ദമ്പതികൾ

അവയവദാന സമ്മതപത്രം സമർപ്പിച്ച്  ട്രാൻസ്ജെൻഡർ ദമ്പതികൾ

മൃതസഞ്ജീവനിയിൽ അവയവദാന സമ്മതപത്രം സമർപ്പിച്ച് ട്രാൻസ്ജെൻഡർ ദമ്പതികളും. സംസ്ഥാന സർക്കാരിൻ്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ ആദ്യമായി ട്രാൻസ്ജെൻഡർ ദമ്പതികൾ സമ്മതപത്രം നൽകിയതായി മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസറും മെഡിക്കൽ കോളേജ് നെഫ്രോള്ളി വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ നോബിൾ ഗ്രേഷ്യസ് അറിയിച്ചു. എറണാകുളം കടുങ്ങല്ലൂർ കോട്ടപ്പിള്ളി വീട്ടിൽ എം ഋത്വിക്, ഭാര്യ തൃപ്തി ഷെട്ടി എന്നിവരാണ് അവയവദാനത്തിന് സന്നദ്ധരായത്. മരണ ശേഷം മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനാർത്ഥം വിട്ടു കൊടുത്തുകൊണ്ടുള്ള അനുമതി പത്രവും സമർപ്പിച്ചിട്ടുണ്ട്.

എറണാകുളം മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിലെ ഡോ സാൻ്റോസ് ജോസഫിനാണ് ദമ്പതികൾ സമ്മതപത്രം നൽകിയത്. അവയവദാനത്തിനു സന്നദ്ധരായ രാജ്യത്തു തന്നെ ആദ്യത്തെ ട്രാൻസ്ജെൻഡർ ദമ്പതിമാരാണ് ഋത്വിക്കും  തൃപ്തി ഷെട്ടിയും. മുമ്പ് അവയവദാനത്തിന് തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് മുൻ ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് കത്തു നൽകിയിരുന്നു. തുടർന്ന്  മൃതസഞ്ജീവനിയുടെ വെബ് പോർട്ടലിൽ ഇവർ രജിസ്റ്റർ ചെയ്യാൻ ശ്രമം നടത്തിയെങ്കിലും  സ്ത്രീകൾക്കും പുരുഷന്മാർക്കും പുറമേ ട്രാൻസ്ജെൻഡർക്ക് അവസരമുണ്ടായിരുന്നില്ല.

 

ഇതു ശ്രദ്ധയിൽപെട്ട മന്ത്രി ട്രാൻസ്ജെൻഡർക്ക് കൂടി അവസരം നൽകാൻ നിർദേശിക്കുകയായിരുന്നു. ഇതോടെയാണ് ദമ്പതികൾക്ക് പേര് രജിസ്റ്റർ ചെയ്യാനായത്. മരണാനന്തര അവയവദാനത്തിനു തയ്യാറായി മൃതസഞ്ജീവനിയുടെ ഡോണർ കാർഡ് എടുക്കുകയും അതോടൊപ്പം മരണശേഷം മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനാർത്ഥം വിട്ടു കൊടുത്തുകൊണ്ടുള്ള അനുമതി പത്രവും നൽകിയ ദമ്പതിമാരെ മൃതസഞ്ജീവനി സംസ്ഥാന കൺവീനറും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ സാറ വർഗീസ്, നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസ് എന്നിവർ അഭിനന്ദിച്ചു.

RELATED ARTICLES

Most Popular

Recent Comments