ചേര്‍ത്തലയില്‍ മകന്റെ ചവിട്ടേറ്റ് അമ്മ മരിച്ചു

0
159

ചേര്‍ത്തലയില്‍ മകന്റെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. ചേര്‍ത്തലയിൽ കാരിടവെളി പരേതനായ ശിവദാസന്റെ ഭാര്യ രുക്മിണിയാണ് (64) മരിച്ചത്. സംഭവത്തില്‍ മകന്‍ ബിനു് (40) റിമാന്‍ഡിലാണ്. കഴിഞ്ഞ ഇരുപതാം തിയ്യതി വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്.

വീട് നിര്‍മാണത്തിന് ബിനു പ്രദേശവാസികളോടു പണം കടം വാങ്ങിയിരുന്നു. ഇതു തിരികെ ചോദിക്കാന്‍ വീട്ടിലെത്തിയവരുമായി ബിനു തര്‍ക്കവും അടിപിടിയുമായപ്പോള്‍ പിടിച്ചുമാറ്റാന്‍ ചെന്ന രുക്മിണിയെ അസഭ്യം വിളിച്ചുകൊണ്ടു ബിനു ചവിട്ടുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ മതിലില്‍ തലയടിച്ചു വീണ രുക്മിണിയെ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തട്ടിവീണു എന്നു പറഞ്ഞായിരുന്നു രുക്മിണിയെ ബിനു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിന്നീട് നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു. രോഗിക്കു കൂട്ടിരിപ്പുകാര്‍ ആരുമില്ലെന്ന് ആശുപത്രിയില്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്. രുക്മിണി മരിച്ചതോടെ ബിനുവിനെതിരെ നരഹത്യ കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്തു.