കോവളം കൈത്തറി കരകൗശല ഗ്രാമം: ഏഴാമത് ദേശീയ കൈത്തറി ദിനത്തിൽ പ്രദർശിപ്പിക്കും

0
46

കോവളം കൈത്തറി ഗ്രാമത്തെ നാളെ (2021 ഓഗസ്റ്റ് 7) നടക്കുന്ന ഏഴാമത് ദേശീയ കൈത്തറി ദിനാചരണ ചടങ്ങിൽ രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ അവതരിപ്പിക്കും. കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം സംഘടിപ്പിക്കുന്ന ദിനാചരണത്തിൽ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ശ്രീ പീയുഷ് ഗോയല്‍, ടെക്‌സ്‌റ്റൈല്‍സ് സഹമന്ത്രി ശ്രീമതി. ദര്‍ശന ജാര്‍ദോഷ് തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. ടെക്‌സ്‌റ്റൈല്‍സ് സെക്രട്ടറി ശ്രീ യു പി സിംഗും ന്യൂഡല്‍ഹിയിലെ ചാണക്യപുരിയിൽ ഹോട്ടല്‍ അശോകിൽ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും

കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ സംയുക്ത സംരംഭമായ വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ വികസിപ്പിച്ച കോവളം കൈത്തറി ഗ്രാമത്തിന്റെ പ്രദർശനം കൈത്തറി ദിനാചരണത്തിന്റെ ഭാഗമായി നടക്കും.

ഔദ്യോഗിക പ്രമുഖരുടെയും കൈത്തറി നെയ്ത്തുകാരുടെയും ഒത്തുചേരലുമായി കോവളം കൈത്തറി ഗ്രാമത്തെ ഓണ്‍ലൈനില്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം (വീഡിയോ കോണ്‍ഫറന്‍സിംഗ്) വഴി ബന്ധിപ്പിക്കും. മഹാമാരിയുടെ സാഹചര്യം പരിഗണിച്ച്, പങ്കെടുക്കുന്ന നെയ്ത്തുകാരുടെ എണ്ണം ആറായി ചുരുക്കിയിട്ടുണ്ട്.
സംസ്ഥാന ടൂറിസം ഡയറക്ടര്‍ ശ്രീ. വി.ആര്‍. കൃഷ്ണ തേജ ഐഎഎസ്, ഡയറക്ടര്‍ സംസ്ഥാന കൈത്തറി & ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടര്‍ ശ്രീ. കെ.എസ്. പ്രദീപ് കുമാര്‍, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

കോഴിക്കോട് ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (യുഎൽസിസ്) സഹകരണത്തോടെയാണ് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയവും സംസ്ഥാന ഗവണ്മെന്റും ഉൾപ്പെടുന്ന ഒരു ധാരണാപത്രം വഴിയാണ് കോവളം കൈത്തറി ഗ്രാമം സ്ഥാപിക്കുന്നത്. വെള്ളാറിൽ സ്ഥിതിചെയ്യുന്ന 8.6 ഏക്കർ വിസ്തൃതിയുള്ള കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ (KACV) ഭാഗമായ കോവളം കൈത്തറി ഗ്രാമം ദേശീയപാതയിൽ കോവളം ബീച്ചിൽ നിന്ന് 2 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു .

ഗ്രാമത്തിൽ ഒരു കൈത്തറി പവലിയൻ, തറികൾ, ഉപകരണങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ, വിൻഡിംഗ്, വാർപ്പിംഗ്, സ്കൗറിംഗ്, സൈസിംഗ് ഉപകരണങ്ങൾ, കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ സിസ്റ്റം, പെഗ്ഗിംഗ്, പഞ്ചിംഗ് കാർഡ് മെഷീനുകൾ എന്നിവ ഉപയോഗിച്ച് പ്രകൃതിദത്ത ഡൈസ് ലബോറട്ടറി സജ്ജീകരിക്കുന്നു. ഏകദേശം 50 നെയ്ത്തുകാർക്ക് കേരളത്തിന്റെ വിവിധ കൈത്തറി നെയ്ത്തുകൾ നിർമ്മിക്കാനും വിൽക്കാനും പ്രദർശിപ്പിക്കാനും കഴിയും. സന്ദർശകർക്ക് താമസവും ഗതാഗതവും ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകും.