ഡോക്ടറെ നടുറോഡില്‍ വെട്ടിക്കൊന്ന ഏഴുപേര്‍ക്ക് വധശിക്ഷ, പ്രതികളിൽ മറ്റൊരു ഡോക്ടറും അഭിഭാഷകരും

0
72

വസ്തുതർക്കത്തിന്റെ പേരിൽ ഡോക്ടറെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴു പേര്‍ക്കു വധശിക്ഷ. രണ്ടുപേരെ ഇരട്ട ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ബില്‍റോത്ത് ആശുപത്രിയിലെ ന്യൂറോളജിസ്റ്റായിരുന്ന സുബ്ബയ്യയെ വെട്ടിക്കൊന്ന കേസിൽ പൊന്നുസാമി, മക്കളായ അഡ്വ. പി ബേസില്‍, ബോറിസ്, ബേസിൽ ജോലി ചെയ്യുന്ന സ്ഥാപന ഉടമ അഡ്വ. ബി വില്യംസ്, വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയ ഡോ. ജയിംസ് സതീഷ് കുമാര്‍, വാടക കൊലയാളികളായ മുരുകന്‍, സെല്‍വപ്രകാശ് എന്നിരെയാണ് ചെന്നൈ സെയ്ദാപെട്ട് സെഷന്‍സ് കോടതി വധശിക്ഷക്ക് വിധിച്ചത്.

പൊന്നുസാമിയുടെ ഭാര്യ മേരി പുഷ്പം, പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ബന്ധു യേശുരാജന്‍ എന്നിവരെ ഇരട്ടജീവപര്യന്തം തടവിനും ശിക്ഷിച്ചു. സുബ്ബയ്യയുടെ മാതൃസഹോദരന്റെ കുടുംബാംഗമാണ് പൊന്നുസാമിയും അഡ്വ. പി ബേസില്‍, ബോറിസ് എന്നിവർ.

 

2013 സെപ്റ്റംബര്‍ 14നാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞശേഷം വീട്ടിലേക്ക് പോകാൻ കാറിൽ കയറുമ്പോഴാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം സുബ്ബയ്യയെ വെട്ടിക്കൊന്നത്. ഡോ. സുബ്ബയ്യയും പൊന്നുസാമിയുടെ കുടുംബവും കന്യാകുമാരി അഞ്ചുതെങ്ങിലെ 4.2 ഏക്കര്‍ ഭൂമി സംബന്ധിച്ച്‌ തര്‍ക്കമുണ്ടായിരുന്നു. കേസില്‍ അന്തിമവിധി സുബ്ബയ്യക്ക് അനുകൂലമായാണ് കോടതി വിധിയുണ്ടായത്. എന്നാൽ, ഈ ഭൂമി പൊന്നുസാമിയും കുടുംബവും കയ്യേറി. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാ​ഗ്യത്തിലായിരുന്നു കൊലപാതകം.