BREAKING : മൊയിൻ അലിയെ ഭീഷണിപ്പെടുത്തിയ റാഫി ലീഗിന്റെ ക്രിമിനൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച കേസിലും പ്രതി

0
101

കോഴിക്കോട്ട് വാർത്താ സമ്മേളനത്തിനിടെ മൊയിൻ അലി തങ്ങളെ ഭീഷണിപ്പെടുത്തിയ റാഫി ലീഗിൻ്റെ സ്ഥിരം ക്രിമിനൽ. ഐസ്ക്രീം പാർലർ പെൺവാണിഭക്കേസുമായി ബന്ധപ്പെട്ട വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.

കുഞ്ഞാലിക്കുട്ടിക്കെതിരെ വാർത്ത കൊടുത്തുവെന്ന് പറഞ്ഞാണ് അന്ന് റാഫി മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയത്. ഇതിന് പുറമെ കുഞ്ഞാലിക്കുട്ടിക്കെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ ഇരയുടെ അഭിമുഖം സംപ്രേഷണം ചെയ്ത ഇന്ത്യാവിഷൻ ചാനലിൽ എത്തി മാധ്യമ പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. അന്ന് ഇന്ത്യാവിഷൻ നൽകിയ പരാതി പ്രകാരം പൊലീസ് റാഫിക്കെതിരെ കേസെടുത്തിരുന്നു.

അന്ന് വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകരെ വ്യക്തിപരമായും റാഫി ഭീഷണിപ്പെടുത്തുകയുണ്ടായി. ഈ കേസ് നിലനിൽക്കെയാണ് വ്യാഴാഴ്ച ഹൈദരലി തങ്ങളുടെ മകന് നേരെ കൊലവിളി ഉയർത്തിയത്.കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞാലിക്കുട്ടിക്ക് നൽകിയ സ്വീകരണത്തിനിടെ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിലും ഇയാൾ ഉൾപ്പെട്ടിരുന്നു.

 

കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ആളായാണ് റാഫി അറിയപ്പെടുന്നത്. ലീഗിൻ്റെ സ്ഥിരം അക്രമി സംഘാംഗങ്ങൾക്ക്നേതൃത്വം നൽകുന്നതും റാഫിയാണെന്ന് ഒരുവിഭാഗം ലീഗുകാർ തന്നെ പറയുന്നു.
വ്യാഴാഴ്ച വൈകിട്ട് വാർത്താ സമ്മേളനം നടത്തുന്നതിനിടെയാണ് റാഫി മൊയിൻ അലി തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചത്. കുഞ്ഞാലിക്കുട്ടിക്കെതിരെ പറയാൻ നീയാരാടാ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണശ്രമം.

അറപ്പുളവാക്കുന്ന തരത്തിൽ സംസാരിച്ച ശേഷം കൊലവിളി മുഴക്കി. തുടർന്ന് തെറി വിളിച്ച് ആക്രമിക്കാൻ ശ്രമിച്ചു.യൂത്ത് ലീഗ് ദേശീയ നേതാവും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമാണ് മൊയിൻ അലി തങ്ങൾ. എന്നാൽ അതൊന്നും തനിക്ക് പ്രശ്നമല്ലെന്ന് റാഫി വിളിച്ചു പറയുന്നുണ്ടായിരുന്നു.

വാർത്താ സമ്മേളനം നടത്തുന്നതിനിടെ റാഫി എങ്ങനെ ലീഗ് ഹൗസിനകത്ത് കയറിയെന്നതും ദുരൂഹമാണ്. മുതിർന്ന നേതാക്കൾ മാത്രം കയറുന്ന മുറിയിലേക്ക് റാഫിയെ ചിലർ കയറ്റി വിടുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന നേതാക്കളാണ് വാർത്താ സമ്മേളനം അലങ്കോലമാക്കാൻ കയറ്റി വിട്ടത്. ഇതും ലീഗിൽ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.