ബലാത്സംഗത്തെ പുനർനിർവചിച്ച് കേരള ഹൈക്കോടതി, ഏതുവിധേനയുള്ള കയ്യേറ്റവും ബലാത്സംഗം തന്നെ

0
79

high-court-of-kerala-without-consent-sex-should-consider-as-rape

 

ബലാത്സംഗത്തെ പുനർനിർവചിച്ച് കേരള ഹൈക്കോടതി. ബലാത്സംഗക്കേസിൽ നിന്ന് രക്ഷപെടാനുള്ള പ്രതിയുടെ ശ്രമത്തിന് തടയിട്ടാണ് ഹൈക്കോടതിയുടെ തീരുമാനം.

പെൺകുട്ടിയുടെ ശരീരത്തിൽ അനുമതി കൂടാതെ ഏതുവിധേനയുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ജസ്റ്റിസ് എഎ സിയാദ് റഹ്മാനും അടങ്ങുന്ന ബെഞ്ചിന്റെതാണ് നിർണായക വിധി.

ബന്ധപ്പെട്ട കേസുകൾ കീഴ്‌ക്കോടതികൾ കൈകാര്യം ചെയ്യുമ്പോൾ ഈ നിരീക്ഷണങ്ങൾ മാനദണ്ഡമാക്കാം. എറണാകുളം പിറവം സ്വദേശിയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

യോനിയിലൂടെ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാൽ ബലാത്സംഗമായി കണക്കാക്കരുതെന്നുമുള്ള പ്രതിയുടെ വാദമാണ് കോടതി തള്ളിയത്. പ്രതിയുടെ സ്വകാര്യ അവയവം പെൺകുട്ടിയുടെ തുടകളിൽ ഉരസിയത് ബലാത്സംഗമായി തന്നെ കണക്കാക്കുമെന്ന് വ്യക്തമാക്കിയാണ് കോടതി വിധി.

സ്വാകാര്യ ഭാഗങ്ങൾ ഉൾപ്പെടെ ഏത് ശരീരഭാഗത്തും അനുമതിയില്ലാതെ സ്പർശിച്ചാൽ അത് ബലാത്സംഗമാണ്. പെൺകുട്ടിയുടെ തുടകൾ ചേർത്തുപിടിച്ചുള്ള ലൈംഗികാതിക്രമം കുറ്റകരമാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 375ാം വകുപ്പ് പ്രകാരം ശിക്ഷ അർഹിക്കുന്ന കുറ്റമാണിതെന്നും കോടതി വിശദീകരിച്ചു.

2015ലാണ് എറണാകുളത്തെ തിരുമാറാടിയിൽ പതിനൊന്നുകാരി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി, അയൽവാസി തന്നെ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബലാത്സംഗക്കേസിൽ നിന്നും രക്ഷപെടാനുള്ള പ്രതിയുടെ ശ്രമം മൂലമാണ് ഹർജിയെന്നും കോടതി നിരീക്ഷിച്ചു.