പി.വി സിന്ധു ഓരോ ഇന്ത്യക്കാരനും പ്രചോദനം : അനുരാഗ് താക്കൂർ

0
85

ഒളിമ്പിക്‌സിൽ അഭിമാനമായി വെങ്കലമെഡൽ നേടിയ പി.വി സിന്ധുവിന് രാജ്യത്ത് തിരികെയെത്തി. രാജ്യത്തിന് വേണ്ടി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആണ് സിന്ധുവിനെ സ്വീകരിക്കാൻ എത്തിയത്. പി.വി സിന്ധു ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് അനുരാഗ് താക്കൂർ പറഞ്ഞു.

കഠിനാധ്വാനത്തിൽ നിന്നും എന്ത് നേടാമെന്നത് കാണിച്ചു തന്നുവെന്നും ഇന്ത്യയിലെ വലിയ ഒളിമ്പ്യന്മാരിൽ ഒരാളാണ് സിന്ധുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും സ്വീകരണത്തിൽ പങ്കെടുത്തിരുന്നു.

ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെയാണ് സിന്ധുവിനെ വിമാനത്താവളത്തിൽ വരവേറ്റത്. കൂടെ നിന്നവർക്കും പിന്തുണച്ചവർക്കുമെല്ലാം സിന്ധു നന്ദി പറയുകയും ചെയ്തു.

വനിതകളുടെ സിംഗിൾസ് ബാഡ്മിന്റൺ ഇനത്തിലാണ് ഇന്ത്യയുടെ പി വി സിന്ധു വെങ്കലം നേടിയത്. ചൈനീസ് താരമായ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. തുടർച്ചയായി രണ്ട് ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്.