ഞായറാഴ്ച മാത്രം ലോക്ക്ഡൗൺ, പുതിയ ഇളവുകൾ ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന് സഭയിൽ

0
69

സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച് സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ചട്ടം 300 പ്രകാരം ആരോഗ്യ മന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തും. ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന രീതിയാണ് മാറുന്നത്.

ടിപിആർ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗണിന് പകരം വാർഡുകളിൽ രോഗികളുടെ എണ്ണം കണക്കാക്കിയായിരിക്കും ഇനി നിയന്ത്രണങ്ങൾ. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാനും, ബാക്കി എല്ലാ ദിവസവും കടകൾ തുറക്കാനും തീരുമാനമായി. കടകൾ രാത്രി ഒമ്പതുവരെ തുറക്കാനാണ് അനുമതിയുണ്ടാവുക.

ഇതോടെ, വ്യാപാരികളടക്കം സമരരംഗത്തുള്ളവർ എല്ലാവരും പിന്മാറുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുൻപായി ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാരുമായി ഓൺലൈനിൽ ചർച്ച നടത്തി കാര്യങ്ങൾ വിശദീകരിക്കും. അതേസമയം, സ്വാതന്ത്യദിനവും മൂന്നാം ഓണവും ഞായറാഴ്ചയാണെന്നതിനാൽ ഈ ദിവസങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗണില്ല.

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായിരുന്നു. ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനം മുഴുവനായി അടച്ചിടുന്ന രീതിക്കെതിരെ വലിയ വിമർശനം ഉയർന്നതോടെയാണ് സർക്കാർ അതിൽ മാറ്റം വരുത്തുന്നത്.

ഒരു തദ്ദേശ വാർഡിൽ എത്ര രോഗികളെന്നത് കണക്കാക്കി, നിശ്ചിത ശതമാനത്തിന് മുകളിലാണെങ്കിലാകും ഇനിയുള്ള അടച്ചിടൽ. മൈക്രോ കണ്ടെയിന്മെന്റ് രീതിയിലായിരിക്കും നിയന്ത്രണങ്ങൾ. ഒരു വാർഡിൽ ആയിരം പേരിലെത്ര രോഗികൾ എന്ന രീതിയിൽ കണക്കാക്കാനാണ് ആലോചന.

പുതിയ മാറ്റങ്ങൾ ഏകോപിപ്പിക്കുന്നതിന് ഓരോ ജില്ലകളിലും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് പ്രത്യേകം ചുമതല നൽകി ഇന്നലെ ഉത്തരവിറങ്ങിയിരുന്നു.അവലോകന യോഗത്തിൽ എടുത്ത സുപ്രധാന തീരുമാനങ്ങൾ ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കും.