“എന്റെ ജീവിതത്തിൽ നിന്ന് ഒരു രക്ഷപ്പെടൽ ഞാൻ ആഗ്രഹിച്ചിരുന്നു ; അത് വൈദ്യുതി ക്ഷാമത്തിൽ തുടങ്ങി , കഷ്ടിച്ച് രണ്ട് നേരം വയറു നിറക്കാൻ പാടുപെടുന്നതിലും ; വനിത ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാലിന്റെ വാക്കുകൾ

0
78

ഒളിമ്പിക്‌സില്‍ അത്ഭുതമാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം കാഴ്ചവെച്ചത്. റാണി രാംപാല്‍ നയിച്ച ഇന്ത്യന്‍ വനിതാ ഹോക്കി ടീം ലോകത്തിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നായ ഓസ്‌ട്രേലിയയെ തകര്‍ത്തുകൊണ്ട് സെമി ഫൈനലില്‍ കടന്നിരിക്കുന്നു. ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സ് സെമിയിലെത്തുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീം എന്ന അപൂര്‍വമായ റെക്കോഡ് റാണിയും സംഘവും നേടിയെടുത്തു.

ഇന്ത്യൻ വനിത ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാലിന്റെ വാക്കുകൾ

“എന്റെ ജീവിതത്തിൽ നിന്ന് ഒരു രക്ഷപ്പെടൽ ഞാൻ ആഗ്രഹിച്ചിരുന്നു ; അത് വൈദ്യുതി ക്ഷാമത്തിൽ തുടങ്ങി , കഷ്ടിച്ച് രണ്ട് നേരം വയറു നിറക്കാൻ പാടുപെടുന്നതിലും , മഴ പെയ്യുമ്പോൾ ഞങ്ങളുടെ വീട്ടിൽ വെള്ളം കയറുന്നതും ഉൾപ്പെടെ ! മാതാപിതാക്കൾ ഞങ്ങളെ ഇതിൽ നിന്നും കരകയറ്റാൻ പരമാവധി ശ്രമിച്ചു, പക്ഷേ അവർക്ക് അതിനുള്ള കെൽപ്പ്‌ ഉണ്ടായിരുന്നില്ലാ – അച്ഛൻ ഒരു ഉന്തു വണ്ടിക്കാരനും , അമ്മ ഒരു വീട്ടു വേലക്കാരിയുമായിരുന്നു.

എന്റെ വീടിനടുത്ത് ഒരു ഹോക്കി അക്കാദമി ഉണ്ടായിരുന്നു, അതിനാൽ കളിക്കാർ പരിശീലിക്കുന്നത് കാണാൻ ഞാൻ മണിക്കൂറുകൾ ചെലവഴിക്കും – എനിക്ക് ശരിക്കും കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഒരു ദിവസം വെറും 80 രൂപ സമ്പാദിക്കുന്ന അച്ഛന് പക്ഷെ എനിക്ക് ഒരു ഹോക്കിസ്റ്റിക്ക് വാങ്ങിതരാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല . എല്ലാ ദിവസവും, അക്കദമി മൈതാനത്തു ചെന്ന് എന്നെകൂടി പഠിപ്പിക്കണമെന്ന് ഞാൻ കോച്ചിനോട് അപേക്ഷിക്കും . എന്നാൽ കാഴ്ച്ചയിൽ തന്നെ പോഷകാഹാരക്കുറവുള്ളതിനാൽ “ഒരു പ്രാക്ടീസ് സെഷനിലൂടെ കടന്നുപോകാൻ തന്നെ നിനക്ക്‌ കരുത്തില്ല” എന്ന്‌ പറഞ്ഞു അദ്ദേഹം അത് നിരസിക്കും.

അങ്ങനെ, ഞാൻ മൈതാനത്ത് ഒരു തകർന്ന ഹോക്കി സ്റ്റിക്ക് കണ്ടെത്തി, അതുപയോഗിച്ചു പരിശീലിക്കാൻ തുടങ്ങി – എനിക്ക് പരിശീലന വസ്ത്രങ്ങൾ ഇല്ലായിരുന്നു, അതിനാൽ ഞാൻ സൽവാർ കമീസ് ധരിച്ചു തന്നെയായിരുന്നു പരിശീലനം നടത്തിയിരുന്നത് . ഞാൻ എന്റെ കഴിവ് തെളിയിക്കാൻ തന്നെ തീരുമാനിച്ചു. അതിനായ് ഞാൻ ഒരു അവസരത്തിനായി കോച്ചിനോട് യാചിച്ചു … ഒടുവിൽ വളരെ പണിപ്പെട്ട് ഒരു വിധത്തിൽ അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിച്ചു !

പക്ഷേ ഇക്കാര്യം ഞാൻ എന്റെ കുടുംബത്തോട് പറഞ്ഞപ്പോൾ അവർ, ‘പെണ്ണുങ്ങൾ ആയാൽ അടങ്ങി ഒതുങ്ങി വീട്ടിലിരുന്ന് വീട്ടിലെ ജോലിയൊക്കെയാണ് ചെയ്യേണ്ടത് . ഇറക്കം കുറഞ്ഞ പാവാടയുമിട്ടൊണ്ട് നിന്നെ ഞങ്ങൾ കളിയ്ക്കാൻ വിടില്ല ” എന്ന് തീർത്തു പറഞ്ഞു ..”ദയവായി എന്നെ പോകാൻ അനുവദിച്ചാലും. ഞാൻ പരാജയപ്പെട്ടാൽ, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ഞാൻ ചെയ്യും.” എന്ന് ഞാൻ അവരോട് കേണപേക്ഷിച്ചു. മനസ്സില്ലാമനസ്സോടെ എന്റെ കുടുംബം വഴങ്ങി.

അക്കാദമിയിൽ പരിശീലനം അതിരാവിലെ തുടങ്ങും. ഞങ്ങളുടെ വീട്ടിലാണേൽ ഒരു ക്ലോക്ക് പോലുമില്ല. അതിനാൽ എന്നെ ഉണർത്താൻ പറ്റിയ സമയമായോ എന്ന് പരിശോധിക്കാൻ അമ്മ എഴുന്നേറ്റ് ആകാശത്തേക്ക് നോക്കും……

അക്കാദമിയിൽ, ഓരോ കളിക്കാരനും നിർബന്ധമായും 500 മില്ലി പാൽ കൊണ്ടുവരണം. എന്റെ കുടുംബത്തിന് 200 മില്ലി പാൽ മാത്രമേ വാങ്ങിത്തരാനുള്ള നിവൃത്തി ഉണ്ടായിരുന്നുള്ളൂ.. അത്കൊണ്ട് ആരോടും പറയാതെ, ഞാൻ പാലിൽ വെള്ളം കലർത്തി കുടിക്കും, കാരണം എനിക്ക് കളിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു.

പുറമെ പരുക്കാനാണേലും നല്ലമനസ്സിന്റെ ഉടമയായ എന്റെ പരിശീലകൻ എന്നെ പിന്തുണച്ചു; അദ്ദേഹം എനിക്ക് ഹോക്കി കിറ്റുകളും ഷൂസും വാങ്ങിതന്നതിന് പുറമെ, അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ജീവിക്കാൻ അനുവദിക്കുകയും എന്റെ ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്തിരുന്നു . ഞാൻ കഠിനമായി പരിശീലിക്കുകയും ഒരു ദിവസത്തെ പരിശീലനം പോലും നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യുമായിരുന്നു.

എന്റെ ആദ്യത്തെ പ്രതിഫലം നേടിയത് ഞാൻ ഓർക്കുന്നു; ഒരു ടൂർണമെന്റിൽ വിജയിച്ചതിന് ശേഷം ഞാൻ 500 രൂപ നേടി, പണം അച്ഛനു നൽകി. അദ്ദേഹം ഇത്രയും പണം ഇതിനു മുൻപ് ഒരുമിച്ച് കൈയിൽ വച്ചിട്ടില്ലാരുന്നു. ഞാൻ എന്റെ കുടുംബത്തിന് വാക്ക് കൊടുത്തു ; ഒരു നാൾ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഉണ്ടാകും…അതിനായി പ്രവർത്തിക്കാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി പ്രയത്നിച്ചു .
എന്റെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് നിരവധി ചാമ്പ്യൻഷിപ്പുകളിൽ കളിച്ചതിന് ശേഷം, ഒടുവിൽ എനിക്ക് നാഷണൽ ക്യാമ്പിലേക്ക് പ്രവേശനം ലഭിച്ചു… അതും 15 വയസ്സുള്ളപ്പോൾ !എന്നിട്ടും, എന്റെ ബന്ധുക്കളുടെ ഉത്കണ്ഠ എന്റെ വിവാഹതിനെ പറ്റി മാത്രമായിരുന്നു …എന്നാണ് വിവാഹം കഴിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത് എന്നത് മാത്രമാണ് എന്റെ ബന്ധുക്കൾ എന്നോട് ചോദിക്കുക. പക്ഷേ, പപ്പ എന്നോട് പറഞ്ഞു, ‘നിന്റെ മനസ്സ് നിറയുന്നത് വരെ കളിക്കൂ.’

എന്റെ കുടുംബത്തിന്റെ പിന്തുണയോടെ, ദേശീയ ടീമിനായി എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ചു.ഒടുവിൽ ഞാൻ ഇന്ത്യൻ വിമൻസ് ഹോക്കി ടീമിന്റെ ക്യാപ്റ്റനായി!
ഇടക്കാലത്തു , ഞാൻ നാട്ടിലായിരുന്നപ്പോൾ, അച്ഛനോടൊപ്പം ജോലിചെയ്തിരുന്ന അദ്ദേഹത്തിന്റെ ഒരു സുഹൃത്ത്‌ ഞങ്ങളുടെ വീട് സന്ദർശിച്ചു . അദ്ദേഹം തന്റെ ചെറുമകളെയും കൊണ്ടുവന്നിരുന്നു …വിശേഷങ്ങൾ പറയുന്നതിടയിൽ എന്നോടായി അദ്ദേഹം പറഞ്ഞു, ‘ഇവൾ മോളെപോലെ ഒരു ഹോക്കി കളിക്കാരിയാകാൻ ആഗ്രഹിക്കുന്നു .മോളാണ് ഇവളെപ്പോലെയുള്ള കുട്ടികൾക്ക് പ്രചോദനം! ’ സന്തോഷം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു .

2017 ൽ, ഞാൻ എന്റെ കുടുംബത്തിന് നൽകിയ വാഗ്ദാനം നിറവേറ്റുകയും അവർക്ക് ഒരു വീട് വാങ്ങുകയും ചെയ്തു. അന്ന് ഞങ്ങൾ പരസ്പരം മുറുകെ കെട്ടിപ്പിടിച്ചു കുറേനേരം കരഞ്ഞു! പക്ഷേ എനിക്ക് വിശ്രമിക്കാറായിട്ടില്ല ; ഈ വർഷം, എന്റെ കോച്ചിനും കുടുംബത്തിനും ,അവർ എപ്പോഴും സ്വപ്നം കണ്ടിരുന്ന എന്തെങ്കിലും തിരികെ നൽകാൻ ഞാൻ തീരുമാനിച്ചു – ടോക്കിയോയിൽ നിന്നുള്ള ഒരു സ്വർണ്ണ മെഡൽ……