വാക്ക് പാലിച്ച് തോമസ് ഐസക് ; സ്നേഹയ്ക്ക് സ്വന്തമായി വീടായി

0
59

ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ കവിതയിലൂടെ ഇടം പിടിച്ച പാലക്കാട് കുഴൽമന്ദം സ്വദേശിനി സ്നേഹയ്ക്ക് അപ്പോൾ ധനമന്ത്രി തോമസ് ഐസക് നൽകിയ വാഗ്ദാനമാണ് യാഥാർത്ഥ്യമായത്. തന്റെ കവിത ചൊല്ലിയ തോമസ് ഐസക്കിനോട് താൻ പഠിക്കുന്ന സ്കൂളിന്റെ ശോചനീയാവസ്ഥ മാറ്റണമെന്നായിരുന്നു സ്നേഹയുടെ ആവശ്യം.

ഇതോടെ സ്നേഹയുടെ കവിതയും സ്കൂളുമെല്ലാം ചർച്ചയായി. സ്ക്കൂൾ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനത്തിന് തോമസ് ഐസക്ക് നേരിട്ടെത്തി. അവിടെ വെച്ച് തോമസ് ഐസക് നൽകിയ വാഗ്ദാനമായിരുന്നു സ്നേഹയ്ക്കൊരു വീട് നിർമ്മിച്ച് നൽകും എന്നത്. ആറുമാസത്തിനകം വീട് നിർമ്മാണം പൂർത്തിയാക്കി സ്നേഹയക്ക് കൈമാറുകയാണ്.

“സ്നേഹയുടെ പൊട്ടിപ്പൊളിഞ്ഞ വീടിന്റെ ചിത്രം കണ്ടു. ഇത്തരമൊരു വീടുണ്ടായിട്ടും ഒരു വീട് വേണമെന്നല്ല സ്‌നേഹ പറഞ്ഞത്; പഠിക്കുന്ന വിദ്യാലയം നന്നാക്കണമെന്നാണ്‌. ആ നന്മ കാണാതെ പോകരുത്. അതുകൊണ്ട് സ്‌നേഹയ്‌ക്കൊരു വീട് നൽകുകയാണ്’ എന്നായിരുന്നു തോമസ് ഐസക് അന്ന് പറഞ്ഞത്. ബജറ്റ്‌ദിനത്തിൽ തോമസ് ഐസക്കുമായി സംസാരിച്ച സ്‌നേഹ, സ്‌കൂളിന്‌ സ്വന്തം കെട്ടിടം വേണമെന്ന് അഭ്യർഥിച്ചിരുന്നു.

ഉടൻ നടപടി സ്വീകരിക്കാമെന്ന്‌ ഉറപ്പും നൽകി. സ്ഥലം എംഎൽഎ കെ ഡി പ്രസേനനോട്‌ സ്‌കൂളിന്റെ അവസ്ഥയെക്കുറിച്ച്‌ റിപ്പോർട്ട്‌ തേടി. സ്ഥലവും പണവും നേരത്തേ അനുവദിച്ചിട്ടും കോവിഡ്‌ കാരണം പണി മുടങ്ങിയതിനാൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ കെട്ടിടത്തിലാണ്‌ സ്‌കൂൾ പ്രവർത്തിക്കുന്നത്‌.‌ സ്‌കൂളിന്‌ മൂന്നു കോടി രൂപയാണ്‌ അനുവദിച്ചിരുന്നത്‌. അത്‌ ഏഴു കോടി രൂപയായി സർക്കാർ ഉയർത്തി. സ്കൂളിന്റെ നിർമാണം ഉടൻ ആരംഭിക്കും.

ലളിതമായ ചടങ്ങായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം സ്നേഹയുടെ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ഇതിന്റെ സാങ്കേതിക നടപടികളെല്ലാം പൂർത്തിയായി.

പുല്ലുവെട്ട് തൊഴിലാളിയും ഡ്രൈവറുമാണ് സ്നേഹയുടെ അച്ഛൻ കണ്ണൻ. അമ്മ രുമാ ദേവിയും സഹോദരി രുദ്രയുമെല്ലാം നിറഞ്ഞ സന്തോഷത്തിലാണ്. മകളുടെ കവിതയിൽ പറഞ്ഞതുപോലെ ഇരുട്ട് മാറി തുടങ്ങിയിരിയ്ക്കുന്നു. ഇത്ര പെട്ടെന്ന് പുതിയ വീടാകുമെന്ന് കരുതിയില്ലെന്നും സന്തോഷമെന്നും ഇവർ വ്യക്തമാക്കി.