“മരണം വരെ ഞാനിനി കമ്യൂണിസ്റ്റാണ് ‘ എൺപതാം വയസിൽ ബിജെപി ബന്ധമുപേക്ഷിച്ചു തങ്കമണിയമ്മ

0
67

എൺപതാം വയസിൽ സഖാവായി തങ്കമണിയമ്മ.മല്ലപ്പള്ളി കീഴ് വായ്പൂര് ചാലുങ്കൽ വീട്ടിൽ തങ്കമണിയമ്മ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപനിൽ നിന്നും ചെങ്കൊടി ഏറ്റുവാങ്ങി സഖാവായി. “മരണം വരെ ഞാനിനി കമ്യൂണിസ്റ്റാണ് ‘എന്നാണ് തങ്കമണിയമ്മ വ്യക്തമാക്കിയത്.

രണ്ടാം തരംഗത്തിലാണ് ഭർത്താവ് സോമൻ പിള്ളക്കും കോവിഡ് ബാധിക്കുന്നത്. രോഗം ഭേദമായെങ്കിലും കോവിഡാനന്തര പ്രശ്‌ന‌ങ്ങളാൽ ദിവസങ്ങൾക്കുള്ളിൽ 85–-ാം വയസിൽ മരിച്ചു. ജോലിക്കാരായ മക്കൾ ആരും വീട്ടിൽ ഇല്ല. അവർക്ക് എത്താനും കഴിയില്ല. പതിറ്റാണ്ടുകൾ ഒപ്പം പ്രവർത്തിച്ച ആർഎസ്എസ്, ബിജെപി പ്രവർത്തകർ തിരിഞ്ഞുപോലും നോക്കിയില്ല.

സഹായിക്കാനാരുമില്ലാതെ വിലപിച്ചിരിക്കുമ്പോളാണ് തങ്കമണിയമ്മക്ക് മക്കളായി ഡിവൈഎഫ്ഐ, സിപിഐ എം പ്രവർത്തകരെത്തിയത്. സോമൻ പിള്ളയുടെ സംസ്‌കാരം നടത്തിയത് ആ സഖാക്കളാണ്. “അന്നുമുതൽ അവർ എന്റെയും മക്കളാണ്. ഇനി മരണം വരെ എനിക്ക് എന്റെ മക്കളുടെ പാർടിയായ സിപിഐ എം മതി.’ കണ്ണീർ തുടച്ചുകൊണ്ട് അമ്മ തുടർന്നു. “ഇത് മനുഷ്യത്വമുള്ളവരുടെ പാർടിയാണ്‌’.

തങ്കമണിയമ്മ ഒരു തുടക്കമായിരുന്നു. പിന്നീട് പുന്നമറ്റം പ്രദേശത്തുനിന്നും പതിനൊന്ന് പേർ സകുടുംബം ആർഎസ്എസ്, ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിലെത്തി. നെറികെട്ട രാഷ്ട്രീയത്തിൽനിന്നും മോചിതരായി ചെങ്കൊടി തണലിലെത്തിയതിന്റെ ആവേശമായിരുന്നു പുന്നമറ്റത്തെ പുത്തൻ സഖാക്കൾക്ക്.

പാർടി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ രക്തഹാരമണിയിച്ച് സ്വീകരിച്ചു. ഏരിയ കമ്മിറ്റിയംഗം ഡോ. ജേക്കബ് ജോർജ് അധ്യക്ഷനായി. കെ പി രാധാകൃഷ്ണൻ, കെ കെ സുകുമാരൻ, പ്രൊഫ. എം കെ മധുസൂദനൻ നായർ, സണ്ണി ജോൺസൺ, ജോർജ്കുട്ടി പരിയാരം, സതീഷ് മണിക്കുഴി എന്നിവർ സംസാരിച്ചു.