തമിഴ്‌നാട്ടിലെ തിരുച്ചിയിൽ നിർമ്മിച്ച അയിത്ത ചുവർ പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് സിപിഐ(എം) നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധം. തിരുച്ചിയിൽ രാജീവ്ഗാന്ധി നഗർ കൽക്കന്ദർക്കോട്ടയിലാണ് ദളിതരുടെ താമസസ്ഥലവും ഉയർന്നജാതിക്കാരുടെ കൃഷിസ്ഥലവും തമ്മിൽ വേർതിരിച്ച് വലിയ മതിൽ കെട്ടിപൊക്കിയത്.
ഒമ്പതടി ഉയരത്തിലും 150 അടി നീളത്തിലുമാണ് മതിൽ കെട്ടിയുയർത്തിയിരിക്കുന്നത്. പ്രദേശത്തെ 12 തെരുവുകളിലായി 300 പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്നു. പൊതുവഴി അടച്ച് ജനങ്ങളെ ജാതീയമായി പുറത്താക്കുന്ന മതിൽ പൊളിച്ച് മാറ്റണം എന്നാവശ്യപ്പെട്ടാണ് സിപിഐ(എം) പൊന്മല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചത്.
സ്വാതന്ത്ര്യം കിട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളിൽ കടുത്ത അനാചാരങ്ങളും ജാതിവിവേചനവും നിർബാധം നടക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം.
ഇത്തരം അനീതികൾക്കെതിരെ അതിശക്തിയായ ചെറുത്ത് നിൽപ് ഇന്ത്യയിൽ ഇടതുപക്ഷപ്രസ്ഥാനങ്ങൾ ഉയർത്തികൊണ്ട് വരുന്നുണ്ട് എന്നതാണ് ഏക ആശ്വാസം. ആ ചെറുത്ത് നിൽപ് സമരങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാ ജനാധിപത്യവാദികളും തയ്യാറാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.