Wednesday
17 December 2025
30.8 C
Kerala
HomeKeralaപേരു മാറി ; എച്ച്എൻഎൽ ഇനി കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്

പേരു മാറി ; എച്ച്എൻഎൽ ഇനി കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്

വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് എന്ന പേര് ഇനി ചരിത്രം. സംസ്ഥാന സർക്കാർ രൂപീകരിച്ച കമ്പനിക്ക് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (കെപിപിഎൽ) എന്ന പേരു നൽകി. നഷ്ടത്തിലായ എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണു നടപടികൾ. മൂന്നംഗ ബോർഡിനു കീഴിലാണു പുതിയ കമ്പനിയുടെ പ്രവർത്തനം.

വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബോർഡിൽ കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി ജേക്കബ്, വ്യവസായ വകുപ്പ് അഡീഷനൽ സെക്രട്ടറി എം.മാലതി എന്നിവരാണ് അംഗങ്ങൾ. നാഷനൽ കമ്പനി ലോ ട്രിബ്യൂണലിൽ കമ്പനി ഏറ്റെടുക്കുന്നതിനു കിൻഫ്ര വാഗ്ദാനം ചെയ്ത തുക കെട്ടിവച്ചതോടെ ഫലത്തിൽ എച്ച്എൻഎൽ എന്ന കമ്പനി ഇല്ലാതായി.

പുതിയ കമ്പനി സംസ്ഥാന സർക്കാർ രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കുന്ന നടപടികളാണു നടന്നു വരുന്നത്. കമ്പനി പുനരുദ്ധാരണവും നടത്തിപ്പുമായി ബന്ധപ്പെട്ടു റോഡ് മാപ്പ് രൂപീകരിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാകുമെന്നു വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് അറിയിച്ചു.
പുതിയ കമ്പനി നിലവിൽ വരുന്നതോടെ ജീവനക്കാരുടെ പുനർനിയമനം അടക്കമുള്ള കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.

എച്ച്എൻഎൽ ഇല്ലാതാകുന്നതോടെ ആ കമ്പനിയിലെ ജീവനക്കാരെ പുതിയ കമ്പനിയിലേക്കു നിയമനം നടത്തണം. ശമ്പള കുടിശിക അടക്കം കൊടുത്തു തീർക്കാനുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരേണ്ടതുണ്ട്. സിഐടിയു, ഐഎൻടിയുസി നേതാക്കൾ വ്യവസായ മന്ത്രി പി.രാജീവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments