മിൽമയുടെ ‘ഹോമോജനൈസ്ഡ് ടോൺഡ്’ പാൽ വിപണിയിലിറക്കി

0
64

 

മിൽമ 525 മില്ലി ലിറ്റർ വരുന്ന ഹോമോജനൈസ്ഡ് ടോൺഡ് പാൽ വിപണിയിലിറക്കി. തിരുവനന്തപുരം മേഖലയാണ് പാൽ വിപണിയിലിറക്കിയത്. ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പാൽ വിപണനോദ്‌ഘാടനം നിർവഹിച്ചു.

സംസ്ഥാനത്ത്‌ ഒരു ലിറ്റർ പാലിന് 36 രൂപവരെ കർഷകന് ലഭിക്കുന്നുണ്ട്. ഇന്ത്യയിൽത്തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. മിൽമയുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിൽ സർക്കാർ എല്ലാ സഹായവും നൽകും.

മിൽമ ഉൽപ്പന്നങ്ങൾ കെഎസ്ആർടിസിയുടെ സഹായത്തോടെ ഉപഭോക്താക്കളിൽ എത്തിക്കുന്ന ഷോപ് ഓൺ വീൽസ് പദ്ധതി കൂടുതൽ ജില്ലകളിലേക്ക്‌ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

മിൽമ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്ന പദ്ധതികളുടെ ഭാഗമായി കൂടുതൽ കെഎസ്ആർടിസി ബസുകൾ മിൽമയ്ക്ക് വിട്ടുനൽകുമെന്ന് ചടങ്ങിൽ അധ്യക്ഷനായ ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. 25 രൂപയാണ്‌ വിപണിയിലിറക്കിയ 525 മില്ലി ലിറ്റർ പാലിന്റെ വില.

മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ ഭാസുരാംഗൻ, അംഗങ്ങളായ വി എസ് പത്മകുമാർ, കെ ആർ മോഹനൻ പിള്ള, ക്ഷീരവികസന ജോയിന്റ്‌ ഡയറക്ടർ സി സുജയകുമാർ, ആർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.