അധികം സംസാരിക്കാത്ത, ഒതുങ്ങിയ പ്രകൃതക്കാരനായിരുന്നു രാഖിൽ തോക്ക് സംഘടിപ്പിക്കാൻ മാത്രം ബന്ധം ഉണ്ടെന്നുതോനുന്നില്ല ; ബന്ധു മാധ്യമങ്ങളോട്

0
66

കോതമംഗലത്ത് ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്തിയ രാഖിൽ അന്തർമുഖനായിരുന്നുവെന്ന് ബന്ധു. അധികം സംസാരിക്കാത്ത, ഒതുങ്ങിയ പ്രകൃതക്കാരനായിരുന്നു. തോക്ക് തരപ്പെടുത്താൻ തക്ക ബന്ധം രാഖിലിന് ഉണ്ടായിരുന്നില്ല. നാട്ടിൽ സുഹൃത്തുക്കൾ കുറവായിരുന്നുവെന്നും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

ഇന്റീരിയർ ഡിസൈനറായിരുന്ന രാഖിൽ ജോലിയുമായി ബന്ധപ്പെട്ട് അധികവും പുറത്തായിരുന്നു. എംബിഎയൊക്കെ കഴിഞ്ഞ ആളാണ് രാഖിൽ. മാനസയുമായി ബന്ധമുണ്ടായിരുന്നതൊന്നും അറിഞ്ഞിരുന്നില്ല. കൊലപാതകത്തിന് ശേഷമാണ് സംഭവത്തെക്കുറിച്ച് അറിയുന്നതെന്നും ബന്ധു വ്യക്തമാക്കി.

കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനി മാനസ കൊല്ലപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രഖിലിന് തോക്ക് എവിടെ നിന്നു ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പൊലീസ് സംഘം കണ്ണൂരിലെത്തി.

മാനസയെ രാഖിൽ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. കണ്ണൂർ സ്വദേശിയായ രഖിൽ ഇതിനായി മാസങ്ങളോളം കോതമംഗലത്ത് തങ്ങി. മാനസ താമസിച്ചിരുന്ന വീട്ടിൽ നിന്ന് അൻപത് മീറ്റർ മാറിയുള്ള വാടകമുറിയിലാണ് രഖിൽ താമസിച്ചിരുന്നത്. മാനസയുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. രഖിലിനെ പകൽസമയത്ത് മുറിയിൽ കാണാറില്ലെന്നാണ് വീട്ടുടമ നൂറുദ്ദീൻ പറയുന്നത്. ദിവസങ്ങളോളം കാണാതെ വന്നതോടെ വിളിച്ചപ്പോൾ കച്ചവട ആവശ്യങ്ങൾക്കായി പാലക്കാട് പോയെന്നായിരുന്നു മറുപടി. രാഖിലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.