സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവീസുകളും സർക്കാർ നിർദേശിച്ച വിഭാഗങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ. ബാങ്കുകൾ പ്രവർത്തിക്കില്ല. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന മേഖലയ്ക്കായി കെ എസ് ആർ ടി സി സർവീസ് നടത്തും.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. പാഠപുസ്തക അച്ചടിക്കായി കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി പ്രവർത്തിക്കും. ‘ഡി’ വിഭാഗം പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും.
കൊവിഡ് തടയാനുള്ള സമ്പൂർണ അടച്ചിടലിനു ബദൽ മാർഗം തേടി സർക്കാർ. എല്ലാക്കാലവും ഇങ്ങനെ അടച്ചിടാനാകില്ലെന്നും പകരം ശാസ്ത്രീയ മാർഗങ്ങൾ അന്വേഷിക്കണമെന്നും കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയേയും ചുമതലപ്പെടുത്തി. നീണ്ടുപോകുന്ന അടച്ചിടലിൽ ഉയരുന്ന ജനരോഷം മനസ്സിലാക്കിയും അതിലെ അതൃപ്തി പരസ്യമാക്കിയുമായിരുന്നു ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.
എല്ലാ മേഖലകളിലേയും വിദഗ്ധരുമായി ചർച്ച നടത്തിയാകും റിപ്പോർട്ട് തയ്യാറാക്കുക.വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യ വിദഗ്ധരും ഉൾപ്പെട്ട ടീമിനാണ് ഇതിന്റെ ചുമതല. ജില്ലാ കളക്ടർമാർക്ക് കൂടുതൽ അധികാരം നൽകി പ്രാദേശികതലത്തിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ ആലോചന.
ക്ലസ്റ്ററുകൾ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്താൻ ഉന്നതതല യോഗം തീരുമാനിച്ചു. വിനോദ സഞ്ചാരികൾക്ക് പ്രയാസം സൃഷ്ടിക്കരുത്. ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം. ടൂറിസത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ അനാവശ്യ ഇടപെടൽ പാടില്ലെന്നും ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള വാക്സിനേഷൻ സൗകര്യം വർദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.