നടി ഷക്കീല മരിച്ചെന്ന് വ്യാജവാര്‍ത്ത, താൻ ജീവനോടെയുണ്ടെന്ന് താരം

0
82

ചലച്ചിത്രനടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമത്തില്‍ വ്യാജപ്രചാരണം. ഷക്കീല വാർധക്യസഹജമായ അസുഖം കാരണം ചെന്നൈ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും ബുധനാഴ്ച രാത്രി കോവിഡ് ബാധിച്ച് മരിച്ചുവെന്നുമായിരുന്നു പ്രചാരണം.

നിജസ്ഥിതി മനസിലാക്കാതെ നിരവധിപേർ ഈ വാർത്ത പങ്കുവെക്കുകയും ചെയ്തു. ഇതോടെയാണ് സംഭവത്തിൽ പ്രതികരണവുമായി ഷക്കീല തന്നെ നേരിട്ട് രംഗത്തെത്തിയത്. വീഡിയോയിലൂടെയാണ് ഷക്കീല തന്റെ വ്യാജമരണവാര്‍ത്തയില്‍ പ്രതികരിച്ചത്. ഇതോടെയാണ് മലയാളികൾ അടക്കമുള്ള ആരാധകർക്ക് ആശ്വാസമായത്.

ചലച്ചിത്ര നായിക ശ്രീമതി ഷക്കീല വാർധക്യസഹജമായ അസുഖം മൂലം കഴിഞ്ഞ ഇരുപതു ദിവസത്തില്‍ ഏറെയായി ചെന്നൈ അമൃത ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു ഇന്ന് വൈകിട്ട് 28-07-2021 ബുധന്‍ വൈകിട്ട് 7.00 ന് കോവിഡ് ബാധിച്ചു മരിക്കുകയായിരുന്നു.. തന്റെതായ അഭിനയ മികവ് കൊണ്ട് കേരളക്കരയെ ഇളക്കി മറിച്ച പ്രിയ കലാകാരിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍” എന്ന രീതിയിലായിരുന്നു സന്ദേശം.

“ഞാൻ വളരെ ആരോഗ്യവതിയോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. എനിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദി. ആരോ എന്നെപ്പറ്റി ഒരു മോശം വാര്‍ത്ത ചെയ്തു, പക്ഷേ സംഗതിയുടെ നിജസ്ഥിതി അറിയാന്‍ നിരവധി പേരാണ് വിളിച്ചത്. ആ വാര്‍ത്ത നല്‍കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും എന്നെപ്പറ്റി ഓർത്തത്”- ഷക്കീല വിഡിയോവിൽ പറഞ്ഞു.