ഓണാട്ടുകരയെ ടുറിസം സർക്യൂട്ട് ആക്കാൻ ഉള്ള സാധ്യത പരിശോധിക്കും ; മന്ത്രി റിയാസ്

0
159

മാവേലിക്കരയും സമീപപ്രദേശങ്ങളും ഉൾപ്പെട്ട ഓണാട്ടുകര ഏറെ വിനോദ സഞ്ചാര വികസന സാധ്യതയുള്ള മേഖലയായാണ് വിലയിരുത്തുന്നത്. ഓണാട്ടുകരയുടെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന ഒട്ടേറെ ശേഷിപ്പുകൾ ഈ പ്രദേശങ്ങളിലുണ്ട്. പ്രകൃതിഭംഗി കൊണ്ട് ഏറെ അനുഗ്രഹീതമായ പല പ്രദേശങ്ങളും സഞ്ചാരികളുടെ ശ്രദ്ധയിൽപ്പെടാതെ കിടക്കുന്നുണ്ട്. നൂറനാട്-പാലമേൽ പ്രദേശങ്ങൾ ദേശാടന പക്ഷികളുടെ പറുദീസയാണ്. പക്ഷിനിരീക്ഷകർക്കും പ്രകൃതിസ്നേഹികൾക്കും ഇഷ്ടയിടമായ ഈ മേഖല ഇനിയും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ചെട്ടികുളങ്ങര ,ചുനക്കര പടനിലം തുടങ്ങിയ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും കെട്ടുകാഴ്ചകളും ഏറെ പ്രസിദ്ധമാണ്.

ഓണാട്ടുകരയുടെ തനതായ കാർഷിക പാരമ്പര്യവും ചരിത്ര പ്രസിദ്ധങ്ങളായ സ്മാരകങ്ങളും ഉത്സവങ്ങളും പ്രകൃതിഭംഗിയും എല്ലാം തന്നെ സഞ്ചാരികൾക്കും ഭാവിതലമുറകൾക്കുമായി സംരക്ഷിച്ച് അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്. ബുദ്ധമതപാരമ്പര്യം വിളിച്ചോതുന്നവയാണ് ഈ പ്രദേശങ്ങളിലെ ബുദ്ധ വിഗ്രഹങ്ങൾ. ഇവയെല്ലാം തന്നെ സഞ്ചാരികൾക്ക് അനുഭവവേദ്യമാകുന്ന വിധത്തിൽ അവതരിപ്പിക്കപ്പെടേണ്ടതുണ്ട്.

താമരക്കുളം പഞ്ചായത്തിലുള്‍പ്പെട്ട വയ്യാങ്കരച്ചിറ ഒരു വിനോദ സഞ്ചാര കേന്ദ്രമായി ഇതിനോടകം തന്നെ ടൂറിസം വകുപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആലപ്പുഴ മെഗാ സർക്യൂട്ട് പദ്ധതിയിലുൾപ്പെടുത്തി വയ്യാങ്കരച്ചിറയില്‍ ടോയ്‌ലറ്റ് ബ്ലോക്ക്, റെയിന്‍ഷെൽട്ടർ , വാക്ക് വേ ,ബോട്ട് ജെട്ടി ,കുട്ടികളുടെ കളിസ്ഥലം ,ലൈറ്റിങ് എന്നിവ നിർമ്മിച്ചിട്ടുണ്ട്.

പ്രകൃതിരമണീയമായ വള്ളിക്കുന്നംചിറയെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുകയാണ്. 2021-22ലെ ബഡ്ജറ്റിൽ വിശദമായ ബഡ്ജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II- വാല്യം II- ല്‍ 200 ലക്ഷം രൂപ അടങ്കൽ വരുന്ന ഈ പദ്ധതിക്ക് 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ഓണാട്ടുകര മേഖലയുടെ പൈതൃകവും കൃഷി രീതികളും ഉത്സവങ്ങളും തനത് കലാരൂപങ്ങളുമെല്ലാം കോര്‍ത്തിണക്കി ഒരു സര്‍ക്യൂട്ട് വികസിപ്പിച്ച് സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതുവഴി ഈ പ്രദേശങ്ങളുടെയാകെ വികസനത്തിനും പ്രദേശവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും കഴിയുമെന്ന് കരുതുന്നു. ഈ മേഖലയെ ഒരു ടൂറിസം സർക്യൂട്ട് എന്ന നിലയിൽ വികസിപ്പിക്കാനുള്ള സാധ്യത പരിശോധിക്കും.