‘ട്വന്‍റി 20’ക്ക് കനത്ത തിരിച്ചടി, ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

0
76

ട്വന്‍റി ട്വന്‍റി ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം വേണം എന്ന ഹര്‍ജികളിലെ ആവശ്യം ഹൈക്കോടതി നിരസിച്ചു. മഴുവന്നൂര്‍, കുന്നത്തുനാട് ഐക്കരനാട് പഞ്ചായത്തുകളിലെ ട്വന്റി – ട്വന്റി നേതൃത്വത്തിലുള്ള പഞ്ചായത്ത് പ്രസിഡന്റുമാരാണ് തങ്ങളുടെ ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് സംരക്ഷണം എന്ന ആവശ്യമുയര്‍ത്തി ഹൈക്കോടതിയെ സമീപിച്ചത്.

ഗ്രാമസഭാ യോഗങ്ങള്‍ ചേരാന്‍ സംരക്ഷണം വേണമെന്നായിരുന്നു ആവശ്യം. ആവശ്യമെങ്കില്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്ക് പൊലിസില്‍ പരാതി നല്‍കാം. പരാതി ലഭിക്കുകയാണെങ്കില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിയമപരമായി പ്രതിഷേധിക്കാന്‍ അധികാരമുണ്ടെന്നും കോടതി ചൂണ്ടികാട്ടി.

പഞ്ചായത്ത് പ്രസിഡന്റ് / പഞ്ചായത്ത് മെമ്ബര്‍ന്മാര്‍ക്ക് പൊലീസ് സംരക്ഷണം, പഞ്ചായത്ത് കമ്മിറ്റികള്‍ യോഗം ചേരാന്‍ പൊലീസ് സംരക്ഷണം, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റികള്‍, പ്ലാനിംഗ് കമ്മിറ്റികള്‍, വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ എന്നിവക്കും ഗ്രാമസഭ യോഗങ്ങള്‍ ചേരാനും തുടര്‍ പോലിസ് സംരക്ഷണം എന്നിവ ആവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റ്മാര്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവുകള്‍ നേടിയിരുന്നത്. തങ്ങളുടെ ജീവന് ഭീക്ഷണിയുണ്ടെന്നും പഞ്ചായത്തുകളുടെ സംരക്ഷണത്തിനായുള്ള ഇടക്കാല ഉത്തരവ് സമ്പൂർണമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ്ന്മാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, പഞ്ചായത്തുകളുടെ ഭരണ കാലാവധി അഞ്ചുവർഷമാണെന്നും പഞ്ചായത്തുകള്‍ക്ക് ഭരണകാലാവധി മുഴുവന്‍ സംരക്ഷണം നല്‍കാന്‍ വേണ്ട യാതൊരു വിധ നിയമ പ്രശ്നങ്ങളും പഞ്ചായത്തുകളില്‍ ഇല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വാദിച്ചു. പഞ്ചായത്തുകള്‍ക്ക് മുന്നില്‍ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ ആണ് പ്രതിപക്ഷം നടത്തിയത് എന്നും അവ സമാധനപരമായിരുന്നുവെന്നും ജനാധിപത്യ പ്രതിഷേധങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ അവശ്യപ്പെട്ടു.